തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിനു മുന്നിലെ ഹോട്ടലിൽ കസ്റ്റംസ് റെയ്ഡ്. ഇന്നലെ വൈകിട്ട് അഞ്ചിന് കസ്റ്റംസ് അസി.കമ്മിഷണർ രാമമൂർത്തിയും രണ്ട് ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയാണ് പരിശോധന നടത്തിയത്. രേഖകൾ ശേഖരിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ ഈ ഹോട്ടലിൽ ഒത്തുകൂടിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും രജിസ്റ്ററും നേരത്തേ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്തിലെ പ്രതി മൂവാറ്റുപുഴ സ്വദേശി ജലാലിന്റെ പേരിൽ ഹോട്ടലിൽ മുറിയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.