തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ നിർണായക സംഭാവനയായ റാപ്പിഡ് ആൻറിബോഡി കിറ്റിന് വിപണാനുമതി.
വൈറസ് പ്രവേശിച്ചു കഴിഞ്ഞാൽ അതിനെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആൻറി ബോഡികളുടെ സാന്നിദ്ധ്യമാണ് രക്ത പരിശോധനയിലൂടെ കണ്ടെത്തുന്നത്. 25 മുതൽ 30 മിനിറ്റിനകം ഫലം ലഭിക്കും. ഡൽഹിയിലെ പി.ഒ സിറ്റി സർവീസസാണ് കിറ്റ് നിർമ്മിച്ച് വിപണയിലെത്തിക്കുന്നത്. അടുത്തയാഴ്ച കിറ്റ് വിപണിയിലെത്തും. പരമാവധി വില 400 രൂപ .
കിറ്റിന് നൂറു ശതമാനം സൂക്ഷ്മ സംവേദനക്ഷമതയും 98 ശതമാനം കൃത്യതയുമുണ്ടെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. എം രാധാകൃഷ്ണപിള്ള പറഞ്ഞു. രക്തസാമ്പിളുകളിലെ ഐ.ജി.ജി ആൻറിബോഡികളെയാണ് കിറ്റിലൂടെ കണ്ടെത്തുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശരീരത്തിലെ പ്ലാസ്മ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിൻ എന്ന പ്രോട്ടീനുകളാണ് ആൻറിബോഡികൾ. ഇത് ശരീരത്തിലുണ്ടെങ്കിൽ കൊവിഡ് ബാധയുണ്ടായെന്ന നിഗമത്തിലെത്തും. ഏപ്രിൽ അവസാനത്തോടെ കിറ്റ് വികസിപ്പിച്ച് ഐ.സി.എം.ആറിന് കൈമാറിയെങ്കിലും കഴിഞ്ഞ മാസമാണ് അനുമതി ലഭിച്ചത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി സെൻററിലെ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ ഉൽപന്നമാണിത്. നേരത്തേ, വൈറൽ ട്രാൻസ്‌പോർട്ട് മീഡിയ കിറ്റ്, വൈറൽ ആർ.എൻ.എ എക്‌സ്ട്രാക്ഷൻ കിറ്റ് എന്നിവയാണ് വികസിപ്പിച്ചത്.