asin

ബോളിവുഡിൽ അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമായാണ് താരങ്ങൾ കരുതുന്നത്. പ്രത്യേകിച്ച് തെന്നിന്ത്യൻ താരങ്ങൾക്ക് ബോളിവുഡ് ഒരു സ്വപ്നലോകം തന്നെയാണ്. അത്തരത്തിൽ തിളങ്ങിയ മലയാളി താരങ്ങളും വിരളമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ, പേളി മാണി, അമലാപോൾ തുടങ്ങിയവർ. വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിൻ മലയാളത്തിൽ തുടങ്ങി തമിഴിൽ സജീവമായി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. പാർവതി ബോളിവുഡിൽ സാന്നിധ്യം അറിയിക്കുകയും അമലാപോളും നിത്യമേനോനും മാളവികയും ഇനിയും സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്.

വിദ്യ ബാലൻ
1995ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യ ബാലന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ ആദ്യമായി അഭിനയിച്ചത് 2003ൽ പുറത്തിറങ്ങിയ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. 'പരിനീത' എന്ന ഹിന്ദി സിനിമയിൽ തുടങ്ങി 'ഹമാരി അധൂരി കഹാനി' വരെ എത്തി നിൽക്കുന്നു വിദ്യാ ബാലൻ എന്ന പാലക്കാട് കാരിയുടെ സിനിമാ ജീവിതം. ഡിജികേബിൾ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പി.ആർ ബാലന്റെയും സരസ്വതിയുടേയും മകളാണ് വിദ്യാ ബാലൻ. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹേ മുന്നാഭായി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ഗുരു, ഏകലവ്യ, ഹേ ബേബി, പാ, ദി ഡേർട്ടി പിക്ച്ചർ, കഹാനി എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

അസിൻ

കേരളത്തിൽ ജനിച്ച് വളർന്ന് ബോളിവുഡ് നടിയായി മാറിയ നായികയാണ് അസിൻ. മലയാളത്തിൽ നിന്നും തെലുങ്കിലേക്കും അവിടെന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലും തിളങ്ങി.തമിഴിലെ തിരക്കേറിയ നായികയായി നിൽക്കുമ്പോഴാണ് ഗജിനിയുടെ ഹിന്ദി റീമേക്കിൽ ആമിർ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അസിൻ ചേക്കേറുന്നത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗൺ, തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെ 2001 ലാണ് അസിൻ ആദ്യമായി സിനിമയിലെത്തുന്നത്. 2003ൽ തെലുങ്കിലും അസിൻ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഗജ്നി, ഹൗസ് ഫുൾ, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രേക്ഷകരുടെ മനംകവർന്നു. 2015ൽ ഓൾ ഈസ് വെൽ എന്ന ഹിന്ദി സിനിമയിലായിരുന്നു അവസാനമായി അസിൻ അഭിനയിച്ചത്. 2016ൽ വിവാഹിതയായ ശേഷം മകൾക്കും ഭർത്താവിനുമൊപ്പം സിനിമ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് മുംബൈയിലാണ് താമസം.

നിത്യാ മേനൻ

1998ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. സംവിധായകൻ കെ. പി. കുമാരൻ സംവിധാനം ചെയ്ത 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നിത്യ 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. കോളാമ്പിയാണ് നിത്യയുടെ അവസാനം പുറത്തിറങ്ങിയ മലയാളചിത്രം. സൈക്കോ എന്ന തമിഴ് ചിത്രവും പുറത്തിറങ്ങാനുണ്ട്. ജയലളിതയുടെ ജീവചരിത്രസിനിമയിൽ ജയയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

മാളവിക

ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്. നിർണായകം, ദ ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകൾ. ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സിലൂടെയാണ് മാളവിക ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്.

പർവതി തിരുവോത്ത്
2006 ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന മലയാള ചിത്രത്തിൽ സഹതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പർവതി മലയാളം, തമിഴ് എന്നീ തെന്നിന്ത്യൻ ഭാഷകളും കടന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ് ഈ അഭിനേത്രി. തനുജ ചന്ദ്ര സംവിധാനം ചെയ്ത 'ഖരീബ് ഖരീബ് സിംഗിൾ' എന്ന ആദ്യ ഹിന്ദി ചിത്രത്തിൽ മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരൻ എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇർഫാൻ വേഷമിട്ടത്.

പേളി മാണി

പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്. ലുഡോ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പം രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ദ ലാസ്റ്റ് സപ്പർ' എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്.


അമല പോൾ

മലയാളം, തെലുങ്ക്, കന്നട, തമിഴ്, തുടങ്ങിയ നിരവധി ഭാഷകളിൽ ധാരാളം സിനിമകളിൽ അഭിനയിച്ച താരമാണ് മലയാളിയായ അമലാപോൾ. നരേഷ് മൽഹോത്ര സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് അമലാപോളിന്റെ ബോളിവുഡ് അരങ്ങേറ്റം. അർജുൻ രാംപാലിന്റെ നായികയാണ് അമല എത്തുന്നത്. മഹേഷ് ഭട്ട്, ഗ്ലാമർ താരമായിരുന്ന പർവീൺ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സീരിസിലും അമലാപോൾ അഭിനയിക്കുന്നുണ്ട്.