prthive

സിനിമയിൽ നടന്മാരായെത്തി പിന്നീട് സംവിധാനരംഗത്തും തിളക്കമാർന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ഒട്ടനവധിപേർ മലയാള സിനിമയിലുണ്ട്. അവരിൽ പലരും നമുക്ക് സമ്മാനിച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. മലയാളത്തിലെ സൂപ്പർ താരം മോഹൻലാൽ അടക്കമുള്ളവർ സംവിധാനരംഗത്തേക്ക് കടന്നുവരാനുള്ള ഒരുക്കത്തിലാണ്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ഫിലിം ആയാണ് ഒരുങ്ങുന്നത്. ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാലും അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. പൃഥ്വിരാജ് തനിക്ക് അഭിനയത്തിനൊപ്പം സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ചു. കാമറയുടെ മുന്നിൽ നിന്നും പിന്നീട് കാമറയ്ക്ക് പിന്നിലേക്ക് പോയ നിരവധി നടന്മാർ നമുക്കുണ്ട്. പ്രതാപ് പോത്തൻ, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മധുപാൽ, സിദ്ധാർഥ് ഭരതൻ, വിനീത് ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സംവിധാനത്തിലേക്ക് എത്തിയിട്ടുള്ളത്.

ശ്രീനിവാസൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയവയാണ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. ഈ രണ്ടു ചിത്രങ്ങളിലും ശ്രീനിവാസൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.സംവിധാനം ചെയ്ത ചിത്രങ്ങളേക്കാൾ കഥ, തിരക്കഥ എഴുതിയ ചിത്രങ്ങളാണ് ഏറെയും.

മധുപാൽ

മലയാളചലച്ചിത്രനടനും എഴുത്തുകാരനും സംവിധായകനുമാണ് മധുപാൽ. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2008ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ് മധുപാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012ൽ പുറത്തിറങ്ങിയ ഒഴിമുറി, ക്രോസ്‌റോഡ്, 2018ൽ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യൻ എന്നിവയാണ് മധുപാൽ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

ജഗതി ശ്രീകുമാർ

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.ഏകദേശം 1500 ഓളം മലയാളചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1998ൽ പുറത്തിറങ്ങിയ കല്യാണഉണ്ണികൾ, 1989ൽ പുറത്തിറങ്ങിയ അന്നകുട്ടീ കോടമ്പക്കം വിളിക്കുന്നു എന്നിവയാണ് സംവിധാനം ചെയ്ത മലയാള ചിത്രങ്ങൾ.

പ്രതാപ് പോത്തൻ

മറക്കാനാവത്ത ഒട്ടനവധി കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച നടനും സംവിധായകനുമാണ് പ്രതാപ് കെ. പോത്തൻ. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1987ൽ പുറത്തിറങ്ങിയ ഋതുഭേദം ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. 'മീണ്ടും ഒരു കാതൽ കതൈ' ആണ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു. നടൻ എന്ന നിലയിലും തിളങ്ങാൻ സംവിധായകന് കഴിഞ്ഞു.

വേണു നാഗവള്ളി

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് വേണു നാഗവള്ളി. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വേണു നാഗവള്ളി മലയാളചലച്ചിവ്രേദിയിലേക്ക് കടന്നു വന്നത്. 1985 ൽ കൃഷ്ണസ്വാമി സംവിധാനം ചെയ്ത കൂടിയാട്ടം എന്ന സിനിമയിൽ വേണു നാഗവള്ളി നായകനായിരുന്നു. 1986ൽ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സർവ്വകലാശാല, ലാൽസലാം, ഏയ് ഓട്ടോ, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങി മലയാളത്തിൽ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. മുപ്പത്തിരണ്ടോളം ചിത്രങ്ങളിൽ അഭിനയിക്കുകയും പത്തിലധികം ചിത്രങ്ങൾക്കായി രചന നിവഹിക്കുകയും ചെയ്ത അദ്ദേഹം 2010 സെപ്തംബർ 9ന് അന്തരിച്ചു.

വിനീത് ശ്രീനിവാസൻ

ഗായകൻ, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ വിനീത് ശ്രീനിവാസൻ 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളും വിനീത് സംവിധാനം ചെയ്തു.

പൃഥ്വിരാജ്

2002ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. നായകനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ. 150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹൻലാലിന്റെ തന്നെ പുലിമുരുകനെ മറികടന്നായിരുന്നു ലൂസിഫർ 200 കോടി സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.

സിദ്ധാർത്ഥ് ഭരതൻ

നമ്മൾ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സിദ്ധാത്ഥ് ഭരതൻ. 2012ൽ പുറത്തിറങ്ങിയ നിദ്ര‌യാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തുടർന്ന് ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.

കോമഡിയിൽ നിന്ന് സംവിധാനത്തിലേക്ക്

മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തി താരങ്ങളാവുകയും പിന്നീട് സംവിധാനത്തിൽ മികവ് തെളിയിക്കുകയും ചെയ്തവരും മലയാളത്തിലുണ്ട്.

രമേഷ് പിഷാരടി

ചിരിയുടെ ലോകത്ത് നിന്നെത്തിയ രമേഷ് പിഷാരടി കൈകാര്യം ചെയ്യാത്ത മേഖലകളില്ല. 2008ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. 2018ൽ പുറത്തിറങ്ങിയ പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിനുശേഷം 2019ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു.

നാദിർഷ

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ. 2015ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിയാണ് നാദിർഷ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം മേരാ നാം ഷാജി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടിയെ നായകനാക്കി ഐ ആം എ ഡിസ്‌കോ ഡാൻസർ എന്ന സിനിമ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് കാരണം മുന്നോട്ട് പോയില്ല.

കലാഭവൻ ഷാജോൺ

കോമഡി, വില്ലൻ റോളുകളിലൂടെ മലയാളിമനസിൽ സ്ഥാനം ഉറപ്പിച്ച താരമാണ് കലാഭവൻ ഷാജോൺ. 2019 ൽ പുറത്തിറങ്ങിയ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഷാജോൺ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയതും ഷാജോണാണ്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

സൗബിൻ ഷാഹിർ

സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയ ശേഷമാണ് സൗബിൻ ഷാഹിർ നായകനായി മാറിയത്. സഹനടനായി വളരെ കുറച്ച് സിനിമകളിൽ മാമ്രേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സൗബിന്റെ സംവിധാനത്തിലെത്തിയ പറവ സൂപ്പർ ഹിറ്റായിരുന്നു. മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം സംവിധായകനാകുന്നുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. മോഹൻലാൽ കൂടി സംവിധായകനാകുന്നതോടെ മികച്ച നടന്മാരുടെ സംവിധാന മികവും മലയാളികൾക്ക് നവ്യാനുഭവമൊരുക്കും.