1

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന തലസ്ഥാന നഗരത്തിൽ കേരള എൻട്രൻസ് പരീക്ഷ (കീം) എഴുതാനായി വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ നിരത്തിലിറങ്ങിയപ്പോൾ സാമൂഹ്യഅകലവും കൊവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറന്നു. പലയിടത്തും ഗതാഗതകുരുക്കായി. രാവിലെ പരീക്ഷയ്ക്ക് എത്തിയപ്പോൾ കേന്ദ്രങ്ങൾക്ക് മുന്നിൽ സാമൂഹ്യ അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി നിയന്ത്രിക്കാൻ ആളുണ്ടായിരുന്നു. എന്നാൽ വൈകിട്ട് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പരീക്ഷകഴിഞ്ഞ് കുട്ടികൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയായിരുന്നു മിക്കയിടങ്ങളിലും. കുട്ടികളെ പരീക്ഷയ്ക്ക് എത്തിച്ച ശേഷം അവരെ കാത്തുനിന്ന രക്ഷിതാക്കൾ ടെൻഷൻ കൂടിയപ്പോൾ കൊവിഡിനെ മറന്ന് കൂട്ടം കൂടി. നഗരത്തിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ ഇടയ്ക്ക് പൊലീസ് മേൽനോട്ടം ഉണ്ടായെങ്കിലും ഉച്ചയോടെ അത് കുറഞ്ഞു. വൈകിട്ട് അഞ്ചിന് പരീക്ഷ കഴിഞ്ഞപ്പോൾ സ്ക്കൂളുകൾക്ക് മുന്നിൽ വിരലിൽ എണ്ണാവുന്ന പൊലീസുകാർ മാത്രമായി. നഗരത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ പട്ടം സെന്റ് മേരീസ് സ്‌കൂളിന് മുന്നിൽ ഏതാനും പൊലീസുകാർ ഉണ്ടായിരുന്നു. ഗതാഗത നിയന്ത്രണത്തിനിടെ കൂട്ടം കൂടരുതെന്ന് അവർ മൈക്കിലൂടെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാനുള്ള സമാധാനം കുട്ടികളും രക്ഷിതാക്കളും കാട്ടിയില്ല. മുൻവർഷങ്ങളിലെ പോലെ അവർ നടന്നു നീങ്ങി. എന്നാൽ മിനിട്ടുകൾ കഴിഞ്ഞപ്പോൾ ഇന്നലത്തെ കൊവിഡ് രോഗികളുടെ വിവരം മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് മാത്രം 339 രോഗബാധിതർ. 301പേരും സമ്പർക്ക രോഗികൾ. കർശനമായ നിയന്ത്രണം ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനം പാളിയെന്ന് വ്യക്തം. എന്നാൽ സർക്കാർ സംവിധാനങ്ങളുടെയും പൊലീസിന്റെയും പരിമിതി മനസിലാക്കി ഈ ഘട്ടത്തിലെങ്കിലും സാഹചര്യത്തിനൊത്ത് പെരുമാറാൻ പൊതുജനങ്ങളും തയ്യാറായില്ലെന്നതാണ് സത്യം.