കല്ലമ്പലം: ചെമ്മരുതി ഗ്രാമപഞ്ചായത്തിന് സർക്കാർ തലത്തിൽ ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചെമ്മരുതി മണ്ഡലം കമ്മിറ്റി ധർണ നടത്തി. അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് നിർമ്മൽ പുരസ്കാരങ്ങൾ പോലുള്ള ബഹുമതികൾ സ്വീകരിക്കാൻ അർഹതയില്ല. സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും മൂലം ജനങ്ങളിൽ നിന്ന് അകന്നുപോയ ഭരണസമിതി രാജിവയ്ക്കണമെന്നും ധർണ ഉദ്ഘാടനം ചെയ്ത കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.എം. താഹ ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി അഡ്വ.ബി.ഷാലി മുഖ്യപ്രഭാഷണം നടത്തി.
ഇക്ബാൽ, ജയലക്ഷ്മി, റാംമോഹൻ, അഡ്വ.ജയപ്രകാശ്, കല്ലമ്പലം ജിഹാദ്, അബ്ദുള്ള വർക്കല, അംബു, പനയറ രാജു, സഞ്ജയൻ, സുമേഷ്, നന്ദു, ഡോ.പ്രദീപ് ശിവഗിരി തുടങ്ങിയവർ പങ്കെടുത്തു.