sivasankar-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കറിനോട് കൊച്ചി ഓഫീസിൽ എത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുന്നതിനുള്ള നടപടികൾ കസ്‌റ്റംസ് തുടങ്ങി. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ നേരിട്ടായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക. കൊച്ചിയിൽ ചോദ്യം ചെയ്തശേഷം പ്രതിചേർത്ത് അറസ്റ്റ് ചെയ്യാനാണ് സാദ്ധ്യത.

നേരത്തെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഒമ്പതു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ചോദ്യങ്ങൾക്ക് ശിവശങ്കർ നൽകിയ ഉത്തരങ്ങൾ എല്ലാം പൊരുത്തക്കേടു നിറഞ്ഞതായിരുന്നു, കസ്റ്റംസിന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകളുമായി ഒത്തുപോകുന്നതായിരുന്നില്ല മൊഴികൾ. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സ്വപ്‌നയ്ക്ക് ജോലി നൽകുന്നതിൽ ഇടപെട്ടിട്ടില്ലെന്നും അവർ സ്വർണക്കടത്തുകാരിയാണെന്ന് അറിയില്ലായിരുന്നെന്നും പറഞ്ഞത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. ഫ്ളാറ്റ് വാടകയ്ക്കെടുത്തു നൽകിയത് എന്തിനാണെന്ന ചോദ്യത്തിനും ശിവശങ്കർ വ്യക്തമായ മറുപ‌ടി നൽകിയില്ല. സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്നു തന്നെയാണ് കസ്റ്റംസ് ഉറച്ച് വിശ്വസിക്കുന്നത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്‌നയുമായി സൗഹൃദം മാത്രമാണുള്ളതെന്നാണ് ശിവശങ്കർ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന്റെ ഈ വാദങ്ങൾ ഖണ്ഡിക്കുന്ന ശക്തമായ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഫ്ളാറ്റെടുത്ത് നൽകിയതിലൂടെ പ്രതികൾക്ക് ഗൂഢാലോചനയ്ക്കും സ്വർണം ഒളിപ്പിക്കാനും താവളമൊരുക്കുകയാണ് ശിവശങ്കർ ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.

ഒരുമിച്ച് ചോദ്യം ചെയ്തു

കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ തുടങ്ങി. ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. നേരത്തെ പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കാര്യം ഇരുവരും സമ്മതിച്ചിരുന്നു. അതേസമയം, കടത്തിയ സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നാണ് ഇരുവരും പറഞ്ഞത്.