തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത വ്യാജരേഖ ചമയ്ക്കൽ കേസ് സംബന്ധിച്ച വിവരങ്ങൾ എൻ.ഐ.എയ്ക്ക് കൈമാറി. എൻ.ഐ.എയുടെ ആവശ്യപ്രകാരമാണ് വിവരങ്ങൾ കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അറിയിച്ചു. 2016ൽ എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന വ്യാജരേഖ ചമച്ചത്. എന്നാൽ, ഈ കേസിന്റെ അന്വേഷണം പിന്നീട് മുന്നോട്ട് പോയില്ല. അതേസമയം, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ഡി.എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.