photo1

പാലോട്: ലോക് ഡൗണിലും തളരാത്ത പോരാട്ടമാണ് നന്ദിയോട്ടെ കർഷകരുടേത്. ഓണത്തിനായുള്ള സർക്കാരിന്റെ 'ഒരു മുറം പച്ചക്കറി"ക്കുള്ള തയ്യാറെടുപ്പിലാണവർ. ഇതിനായുള്ള പടവലം, പാവൽ, വെണ്ട, കത്തിരി, തുടങ്ങിയ പച്ചക്കറികളെല്ലാം കായ്ച്ചു തുടങ്ങി. ഒപ്പം ഓണക്കൃഷിയുടെ വിത്തു നടലുമുണ്ട്. സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. നൂറുമേനി വിളവാണ് ഇവരുടെ പ്രതീക്ഷ. ജൈവവളം ഉപയോഗിക്കുന്നതിനാൽ കീടങ്ങളുടെ ശല്യം കൂടുതലാണ്. എന്നാൽ ഇതിന് പരിഹാരമായി വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനിയുമൊരുക്കി. ഉപദേശങ്ങളും ഗുണമേന്മയുള്ള വിത്തുകളും നൽകി കൃഷിഭവൻ ജീവനക്കാരും ഒപ്പമുണ്ട്. മഴ മറകളിൽ കൃഷി ചെയ്യുന്നവർ ചീര, തക്കാളി തുടങ്ങിയവയ്‌ക്കാണ് പ്രാധാന്യം നൽകുന്നത്.

 കൃഷിയാണ് ജീവിതം

പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഇലക്ട്രിക്കൽ സൂപ്പർ വൈസറായ, പേരയം ആർ.എസ് പുരം ചൈതന്യയിൽ അജിത് കുമാറിന്റെ ജീവിതം കൃഷിക്കായി മാറ്റിവച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ അദ്ദേഹം കർഷകനാകും. മട്ടുപ്പാവിലെ കൃഷിയിടത്തിലുള്ള ഗ്രോബാഗുകളിൽ പാവൽ, വെണ്ട, വിവിധ മുളകുകൾ, പയർ, ഓറഞ്ച്, ഇഞ്ചി, നാരങ്ങ, തക്കാളി, കത്തിരിക്ക, വഴുതന തുടങ്ങിയവ സമൃദ്ധിയായി വളരുന്നുണ്ട്. ചാക്കുകളിലാക്കി ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയും നട്ടു. കാട്ടുമൃഗശല്യം രൂക്ഷമായ പ്രദേശത്ത് മട്ടുപ്പാവ് കൃഷിയിലൂടെ വ്യത്യസ്തനാവുകയാണ് അജിത്.

മട്ടുപ്പാവിലെ ഇരുമ്പ് കമ്പിയിലുള്ള സ്റ്റാൻഡിലാണ് ഗ്രോബാഗുകൾ വച്ചിട്ടുള്ളത്. അങ്ങനെ വെള്ളം കെട്ടി നിന്ന് കേടാകുന്ന സാഹചര്യവും ഒഴിവാക്കി. സഹായിയായി ഭാര്യയായ സുനിതയും, മക്കളായ അശ്വിൻ ജിത്തും (റെയിൽവേയിൽ എൻജിനിയർ), അക്ഷയ് ജിത്തും (ഡിഗ്രി വിദ്യാർത്ഥി) ഒപ്പമുണ്ട്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി എടുത്ത ശേഷം ബാക്കി പ്രദേശവാസികൾക്ക് നൽകുകയാണ് പതിവ്.

 'ഒരു മുറം പച്ചക്കറിയുമായി" കേരള കൗമുദിയും

നന്ദിയോട് കൃഷിഭവനും പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ 2004 - 2007 ബി. കോം പൂർവ വിദ്യാർത്ഥി സംഘടനയായ സ്മൃതിയുമായി ചേർന്നാണ് കേരളകൗമുദി പദ്ധതി നടപ്പാക്കുന്നത്. കരിമ്പിൽ കാലയിലെ ഒരു ഹെക്ടറിലാണ് കൃഷി. കൃഷി ഭൂമിയില്ലാത്ത ആദിവാസികൾക്ക് സൗജന്യമായി പച്ചക്കറി എത്തിക്കുകയാണ് ലക്ഷ്യം.