തിരുവനന്തപുരം: പന്ത്രണ്ട് കൊല്ലം മുമ്പ് 'ടോട്ടൽ ഫോർ യൂ" എന്ന കമ്പനിയിലൂടെ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ വിവാദ നായകൻ ശബരിനാഥ് തിരുവനന്തപുരത്തെ ഫ്ളാറ്റിൽ കൊവിഡ് കാല വിശ്രമത്തിലാണിപ്പോൾ. ശബരിനാഥിന് രണ്ട് കേസുകളിൽ എ.സി.ജെ.എം കോടതി നാല് വർഷം തടവും എട്ട് കോടി പിഴയ്‌ക്കും ശിക്ഷിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യം നേടി. ആകെ ഒമ്പത് കേസുകളാണുള്ളത്. മറ്റ് കേസുകളിലെയും പ്രതികളുടെയും വിചാരണ നടക്കുമ്പോഴാണ് കൊവിഡെത്തിയത്.
സ്വപ്നയുടെ സ്വർണക്കടത്തും സരിതയുടെ സോളാറും വരും മുമ്പ് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ശബരിനാഥിന്റെ 'ടോട്ടൽ ഫോർ യൂ" തട്ടിപ്പ്. 'പത്ത് വച്ചാൽ നൂറ്, നൂറു വച്ചാൽ പതിനായിരം"- അതായിരുന്നു ഇരുപതുകാരൻ ശബരിനാഥിന്റെ തട്ടിപ്പ് മന്ത്രം. തട്ടിപ്പ് നടന്നതാകട്ടെ സെക്രട്ടേറിയറ്റിന്റെ മൂക്കിന് കീഴിലും.
സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ബഹുനില കെട്ടിടമായിരുന്നു ശബരിനാഥിന്റെ ഓഫീസ് ഹെഡ്ക്വാർട്ടേഴ്സ്. കള്ളപ്പണവും സമ്പാദ്യവുമെല്ലാം ശബരിയിലേക്കൊഴുകി. ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് മൂന്ന് മാസത്തിനുശേഷം രണ്ട് ലക്ഷം നൽകി വിശ്വാസം ഊട്ടിയുറപ്പിച്ചു. കോടികൾ കീശയിലായതോടെ ശബരിനാഥിന് നഗരത്തിൽ ഫ്ളാറ്റുകൾ, ആഡംബര കാറുകൾ, റിസോർട്ട് നിർമ്മാണം തുടങ്ങിയ സമ്പാദ്യങ്ങളുമായി. ഒരു പട്ടാളക്കഥ പറഞ്ഞ സിനിമയും നിർമ്മിച്ചു. സിനിമ വിജയിച്ചെങ്കിലും പണം മുടക്കിയവരുടെ സാമ്പത്തിക സ്രോതസിന് പിന്നാലെ മിലിട്ടറി ഇന്റലിജൻസിന്റെ അന്വേഷണമെത്തി. തുടർന്ന് നൂറുകണക്കിന് ആളുകൾ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. വിവരം ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിനും പൊലീസിനും കൈമാറി.
തുടർന്ന് ശബരിയുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി കോടികളുടെ ആസ്‌തി കണ്ടെത്തി. 2008 മുതൽ 2011 വരെ വിചാരണത്തടവുകാരനായിരുന്നു. 2011 ൽ ജാമ്യത്തിലിറിങ്ങി മുങ്ങി. 2014 ൽ കീഴടങ്ങി. 2009ൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രങ്ങളിൽ ഒമ്പത് സ്‌ത്രീകളടക്കം 20 പേരാണ് പ്രതികൾ.