covid-

കൂടുതൽ ആശങ്കയുളവാക്കുന്ന വിധത്തിലാണ് രാജ്യത്ത് പൊതുവേയും കേരളത്തിൽ പ്രത്യേകിച്ചുമുള്ള കൊവിഡ് വ്യാപനം. രാജ്യത്ത് രോഗികളുടെ സംഖ്യ പത്തുലക്ഷം കടന്നപ്പോൾ കേരളത്തിൽ പതിനായിരം കടന്നത് കഴിഞ്ഞ ദിവസമാണ്. മാർച്ച് മുതൽ ജൂലായ് നാലു വരെ കാലയളവിൽ സംസ്ഥാനത്ത് 4213 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ പിന്നീടുള്ള പത്തുദിവസം കൊണ്ട് വൻതോതിലാണ് രോഗവർദ്ധന ഉണ്ടായത്. പന്ത്രണ്ടു ദിവസം കൊണ്ട് 6062 പേർക്ക് രോഗം പിടിപെട്ടു എന്നാണ് കണക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്കിടയിലുണ്ടായ ആത്മഹത്യാപരമായ വീഴ്ചയും അലംഭാവവും തന്നെയാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. മഹാമാരിയുടെ ആദ്യ നാളുകളിൽ കണ്ട കരുതലും ജാഗ്രതയും ക്രമേണ നഷ്ടപ്പെടുകയായിരുന്നു. സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടിയവരുടെ സംഖ്യ ഓരോ ദിവസവും വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൈ കഴുകൽ, മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നീ മുൻകരുതലുകൾ കർക്കശമായി പാലിച്ചാൽ രോഗവ്യാപനത്തോത് ഗണ്യമായി കുറയ്ക്കാനാകുമെന്നത് തെളിയിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ഇവയിൽ മാസ്ക് ഉപയോഗം മാത്രമേ കൃത്യമായി പാലിക്കുന്നുള്ളൂ. അതാകട്ടെ പൊലീസ് നടപടി ഭയന്നാണ്.തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വലിയ തോതിലുണ്ടായ രോഗവ്യാപനം ഇതിന്റെ തെളിവാണ്. തലസ്ഥാനത്തെ ഒരു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരിൽ എഴുപതിലധികം പേർക്കാണ് രോഗബാധ. ഇവരിൽ നിന്ന് നഗരവാസികളിൽ ആർക്കൊക്കെ രോഗം പകർന്നു കിട്ടിയിട്ടുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

സംസ്ഥാനത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വൻതോതിൽ പ്രവാസികൾ എത്തുമ്പോൾ രോഗവ്യാപന നിരക്ക് ഉയരുമെന്നു പ്രതീക്ഷിച്ചതുതന്നെയാണ്. എന്നാൽ ജനങ്ങളുടെ അശ്രദ്ധ കൊണ്ടും കരുതലില്ലായ്മകൊണ്ടുമാണ് അനിയന്ത്രിത തോതിലുള്ള ഇപ്പോഴത്തെ രോഗപ്പകർച്ച ഉണ്ടാവുന്നത്. ആദ്യഘട്ടത്തിൽ ജനങ്ങൾ കാണിച്ച സുരക്ഷാ കരുതൽ പൂർവാധികം ശക്തമായി ഉൾക്കൊള്ളേണ്ട ഘട്ടമാണ് ഇപ്പോഴത്തേത്. സമ്പർക്കം വഴിയുള്ള രോഗപ്പകർച്ച തടയാൻ ആളുകൾ വിചാരിച്ചാലേ സാദ്ധ്യമാകൂ.

ആദ്യം തൊട്ടേ ചിട്ടയോടുകൂടിയ നടപടികൾ കൈക്കൊള്ളുന്ന ആരോഗ്യ വകുപ്പും മറ്റു സർക്കാർ വകുപ്പുകളും ഇപ്പോഴും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നത് ആശ്വാസകരമാണ്. രോഗികൾ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാകേന്ദ്രങ്ങൾ വർദ്ധിച്ച തോതിൽ ഒരുക്കേണ്ടതുണ്ട്. ഇതിനായി സ്ഥിരം ആശുപത്രികൾക്കു പുറമെ ലഭ്യമായ എല്ലാ വലിയ കെട്ടിടങ്ങളും സ്കൂൾ - കോളേജ് മന്ദിരങ്ങളും മാത്രമല്ല, ആധുനിക സ്റ്റേഡിയങ്ങൾ വരെ ചികിത്സാകേന്ദ്രങ്ങളായി മാറ്റിക്കൊണ്ടിരിക്കുകയാണ്.

രോഗലക്ഷണങ്ങളുമായി എത്തുന്നവരെയും പ്രഥമഘട്ടം ചികിത്സ വേണ്ട രോഗികളെയും ഇത്തരം പ്രഥമ ഘട്ട ചികിത്സാകേന്ദ്രത്തിലാക്കിയാൽ മതിയാകും. രോഗികളിൽ നല്ലൊരു വിഭാഗത്തിന് ഇവിടങ്ങളിലെ ചികിത്സ കൊണ്ടുതന്നെ ഭേദമാകും. രോഗസ്ഥിതി മൂർച്ഛിച്ചാൽ മാത്രം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റിയാൽ മതിയാകും. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ചാണ് ഇത്തരത്തിലൊരു ചികിത്സാ സംവിധാനവുമായി സർക്കാർ മുന്നോട്ടുനീങ്ങുന്നത്. നിലവിലെ സാഹചര്യങ്ങളിൽ വളരെ ഫലപ്രദമായ സംവിധാനമാണിത്. മെഡിക്കൽ കോളേജ് പോലുള്ള വലിയ ആശുപത്രികളെ അധിക സമ്മർദ്ദങ്ങളിൽ നിന്ന് മോചിതമാക്കാനും ഇതുവഴി സാധിക്കും. പ്രാദേശിക തലത്തിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലകൾക്ക് പത്തുകോടി രൂപ വീതം സർക്കാർ അനുവദിച്ചത് നന്നായി. തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനായി സ്വന്തം ഫണ്ടിൽ നിന്ന് പണം നൽകാൻ അനുമതി നൽകിയിട്ടുണ്ട്. വലിയ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് സർക്കാരുമായി സഹകരിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.

രോഗവ്യാപനം കൃത്യമായി കണ്ടെത്താനും പ്രതിരോധ - ചികിത്സാ നടപടികൾ സത്വരമായി സ്വീകരിക്കാനും ആളുകൾക്കിടയിൽ കൊവിഡ് പരിശോധന ഇപ്പോഴത്തേതിന്റെ പല മടങ്ങ് വർദ്ധിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. സമ്പർക്ക രോഗികൾ ഏറെയുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ അടിയന്തരമായി പരിശോധനകൾ വിപുലമാക്കണം. രോഗവ്യാപനത്തിനു സാദ്ധ്യതയുള്ള പൊതുഇടങ്ങളിലും കടകമ്പോളങ്ങളിലും ആൾക്കൂട്ടം തടയാൻ കർക്കശ നടപടികളെടുക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങുന്നത് തടയുകതന്നെ വേണം. പൊതുനിരത്തുകളിലും സർക്കാർ ഓഫീസുകൾക്കു മുമ്പിലും നടക്കാറുള്ള സമരങ്ങൾ ജൂലായ് 31 വരെ നിറുത്തിവയ്ക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത് നല്ല കാര്യമാണ്. ഇത്തരം സമരങ്ങൾക്കെതിരെ ഹൈക്കോടതിയും ഉത്തരവിറക്കിയത് സ്മരണീയമാണ്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും രോഗപ്രതിരോധം ശക്തമാക്കുന്നതിനും സഹായകമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി എട്ടിന നിർദ്ദേശങ്ങൾ സമർപ്പിച്ചതായി കണ്ടു. എട്ടു നിർദ്ദേശങ്ങളും സർക്കാരിന് എളുപ്പം നടപ്പാക്കാൻ കഴിയുന്നവ തന്നെയാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും ഫലം വേഗത്തിൽ ലഭ്യമാക്കാനും പ്രയാസമുള്ള കാര്യമൊന്നുമല്ല. പരിശോധനാ കിറ്റുകളും ഇപ്പോൾ സുലഭമാണ്. ലാബുകളും കൂടുതൽ വന്നിട്ടുണ്ട്. അതുപോലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലും ആദ്യ ഘട്ട ചികിത്സാകേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതാണ്. ലോക്ക് ഡൗൺ പ്രദേശങ്ങളിൽ അർഹരായവർക്കെല്ലാം ഭക്ഷ്യവസ്തുക്കൾ എത്തിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശവും പരിഗണന അർഹിക്കുന്നതു തന്നെ.

രോഗവ്യാപനത്തിൽ കാണുന്ന ക്രമാനുഗത വർദ്ധന പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ടെങ്കിലും ജനങ്ങൾ ഒറ്റക്കെട്ടായി വിചാരിച്ചാൽ രോഗത്തെ പിടിച്ചുനിറുത്താൻ ഇപ്പോഴും കഴിയുമെന്നതിൽ സംശയം വേണ്ട. ആരോഗ്യവകുപ്പു നൽകുന്ന നിർദ്ദേശങ്ങൾ കർക്കശമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം. ജാഗ്രതയും കരുതലുമാണ് രോഗ നിയന്ത്രണത്തിന്റെ അടിസ്ഥാന മന്ത്രമെന്ന് ഓരോരുത്തരും മനസിലാക്കണം. രോഗികളുടെ സംഖ്യ പതിനായിരം കടന്നിട്ടും മരണ നിരക്ക് ലോകത്തിൽ വച്ച് ഏറ്റവും കുറവ് കേരളത്തിലാണെന്നത് ആശ്വാസകരമാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ കരുത്താണത്. മഹാമാരിയിൽ പ്രാണൻ വെടിയേണ്ടി വന്ന ആയിരക്കണക്കിനാളുകളെ ഓർത്ത് മറ്റു സംസ്ഥാനങ്ങൾ ഉഴറുമ്പോൾ മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ആയിരങ്ങളെ ഓർത്താണ് കേരളം ആശ്വാസം കൊള്ളുന്നത്.