തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ കുറ്റങ്ങൾ സമ്മതിച്ച സ്ഥിതിക്ക് അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും, അല്ലാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐ.ടി വകുപ്പിലെ നിയമനങ്ങളെക്കുറിച്ച് മാത്രമല്ല, കൺസൾട്ടൻസികളെയും, കരാറുകളെയും കുറിച്ചും . സി.ബി.ഐ അന്വേഷിക്കണം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളെ സഹായിക്കാൻ ശ്രമിച്ചതിന് ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് മറ്റും നേതൃത്വം നൽകുന്നുവെന്നത് അപമാനകരമാണ്. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിച്ചിരുന്ന ശിവശങ്കറിനെ രക്ഷിക്കാനാണ് അവസാനം വരെയും ശ്രമിച്ചത്. നിവൃത്തിയില്ലാതെയാണ് പുറത്താക്കിയത്. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിനിറുത്തിയതോടെ എല്ലാം അവസാനിച്ചെന്നാണെങ്കിൽ നടക്കില്ല. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി തന്റെ ഓഫീസിലെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും, ആരും കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നത്. തെറ്റാണെന്ന് തെളിഞ്ഞു.
വിവാദസ്ത്രീയുമായി ബന്ധമുള്ളതിന്റെ പേരിലാണ് ശിവശങ്കറിനെ മാറ്റിനിറുത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനേക്കാൾ ഗുരുതരമായ സ്പ്രിൻക്ലർ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ സംരക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയുടെ പേരും കേസിലുയർന്ന് വരുന്നു. പ്രവാസി പുനരധിവാസത്തിനായുള്ള ഡ്രീം കേരള പദ്ധതിയിലും അംഗമാണ് ഇയാൾ.മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ പാർട്ടി സെക്രട്ടറിയാക്കി വച്ചതിനാൽ സി.പി.എമ്മിൽ ഉൾപ്പാർട്ടി ചർച്ചയോ നടപടിയോ ഇല്ല. മന്ത്രി കെ.ടി. ജലീലിന്റെ കിറ്റ് വിതരണം ഇന്ത്യ- യു.എ.ഇ ബന്ധത്തെ ബാധിച്ചിരിക്കുകയാണ്.ജനങ്ങളുടെ വികാരം ഏറ്റെടുത്താണ് പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. സർക്കാരിന് വലിയ ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടുമെന്നറിയാമെന്നും ചെന്നിത്തല പറഞ്ഞു.