secretariat

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീഷണി മുറുകുമ്പോൾ, ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിശ്ചലം. നിർണായക ഘട്ടത്തിൽ സജീവമായി ചലിക്കേണ്ട വകുപ്പുകളുടെ അവസ്ഥ രണ്ടാഴ്ചയായി ഇതാണ്.

തലസ്ഥാനത്ത് രോഗവ്യാപനം കുത്തനെ ഉയർന്നതോടെ ഈ മാസം അഞ്ചിന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് സെക്രട്ടേറിയറ്റ് ഒരാഴ്ചത്തേക്ക് അടച്ചിട്ടത്. ഒരാഴ്ചയ്ക്ക് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ പൂന്തുറയിലേക്കും സമീപപ്രദേശങ്ങളിലേക്കും ചുരുക്കിയതോടെ ഇളവുകൾ അനുവദിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിത്തുടങ്ങിയതോടെ ഈയാഴ്ച മന്ത്രിസഭായോഗവും ചേർന്നു. അപ്പോഴും സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക വകുപ്പകളും അവധി മൂഡിൽ തുടരുന്നു.

ആഭ്യന്തരം, ആരോഗ്യം, തദ്ദേശ സ്വയംഭരണം വകുപ്പുകളിൽ 50 ശതമാനം ജീവനക്കാരെത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ ഇറങ്ങിയെങ്കിലും അത് പ്രാവർത്തികമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് സെക്രട്ടറിയുടെയും ആരോഗ്യ, ആഭ്യന്തര സെക്രട്ടറിമാരുടെയും ഓഫീസുകൾ രണ്ടോ മൂന്നോ ജീവനക്കാരെ വച്ചാണ് പ്രവർത്തിച്ചത്.

അയൽ ജില്ലകളിൽ നിന്നുള്ളവർക്ക് യാത്രാസൗകര്യത്തിന്റെ പ്രശ്നം, ആരിൽ നിന്നും രോഗം പകരാമെന്ന ഭീതി, തലസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി നിൽക്കുന്നത് തുടങ്ങിയവയൊക്കെ സെക്രട്ടേറിയറ്റിലേക്ക് ജീവനക്കാർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകങ്ങളാണ്.