kadakampally
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗ്രീൻഫീൽഡിൽ തയ്യാറാക്കിയ ഫസ്‌റ്റ്ലൈൻ ട്രീറ്റ്മെന്റ് സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം തലസ്ഥാന നഗരത്തിൽ തയ്യാറാക്കുന്ന കൊവിഡ് ഫസ്‌റ്റ്ല‌‌ൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഇന്നു തുറക്കും. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തോടനുബന്ധിച്ചുള്ള കൺവെൻഷൻ സെന്ററിനെയാണ് കൊവിഡ് ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയിരിക്കുന്നത്. ഇതുപോലെ ഗ്രാമപ്രദേശങ്ങളിൽ ഓരോ പഞ്ചായത്തിലും ഓരോ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിക്കും. നൂറു കിടക്കകൾ വരെയുള്ള സെന്ററുകൾ ആരംഭിക്കാൻ 25 ലക്ഷം രൂപയും നൂറിനും ഇരുന്നൂറിനും ഇടയ്ക്കുള്ള സെന്ററുകൾക്ക് 40 ലക്ഷവും 200 കിടക്കകൾക്ക് മുകളിലുള്ള സെന്ററുകൾക്ക് 60 ലക്ഷം രൂപയുമാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അനുവദിച്ചിട്ടുള്ളത്.

ഗ്രീൻഫീൽഡിൽ 750 കിടക്കകൾ

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സെന്ററിൽ 750 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഡോക്ടർമാർക്ക് പുറമെ നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും 24 മണിക്കൂറും ലഭിക്കും. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടാകും. ചികിത്സയ്ക്ക് പുറമെ സ്രവം ശേഖരിക്കാനുള്ള സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

ഫസ്‌റ്റ്ല‌ൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

കൊവിഡ് പോസിറ്റീവ് ആയ, എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരെയുമാണ് ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ചികിത്സിക്കുക. ഇവിടെ രോഗികൾക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൊടുക്കുകയും അതോടൊപ്പം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗകര്യം ടെലിമെഡിസിൻ മുഖേന ലഭ്യമാക്കുകയും ചെയ്യും. ഇവിടത്തെ രോഗികൾ ഡോക്ടർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഓരോ സെന്ററുകളും ഒരു കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെടുത്തിയിരിക്കും. അസുഖം മൂർച്ഛിച്ചാൽ രോഗിയെ കൂടുതൽ ചികിത്സയ്ക്കായി കൊവിഡ് ആശുപത്രിയിലേക്ക് ഉടനടി മാറ്റും. ഇത്തരത്തിലുള്ള ഹബ് ആൻഡ് സ്‌പോക്ക് മോഡൽ രോഗികൾക്കും ചികിത്സകർക്കും ആത്മവിശ്വാസവും ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്തുന്നു. രോഗികൾക്ക് ആവശ്യമായ കൗൺസലിംഗ് കൊടുക്കുന്നതിനായി ആയി മാനസികാരോഗ്യ വിദഗ്ദ്ധരും സെന്ററിലെത്തും.

സൗകര്യങ്ങൾ

ചുമതലക്കാർ ഇവർ

ഓരോ സെന്ററുകളുടെയും മേൽനോട്ടം വഹിക്കുന്നത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ താലൂക്ക് ഹോസ്‌പിറ്റൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് കമ്മിറ്റി ആയിരിക്കും. ഇവരെ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി, തഹസിൽദാർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ദൈനംദിന കാര്യങ്ങൾ നോക്കുന്നതിന് മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറായി പ്രവർത്തിക്കും. വൃത്തിയുള്ള കിടക്കകൾ, ഭക്ഷണം, വെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, തടസമില്ലാത്ത വൈദ്യുതി, വെളിച്ചം തുടങ്ങിയ അവശ്യ സേവനങ്ങൾ ഉറപ്പുവരുത്തേണ്ടത് ഈ സമിതിയുടെ ചുമതലയാണ്.

ജില്ലയിൽ 13 സെന്ററുകൾ