venjaramoodu
മണ്ഡപക്കുന്ന് - ഉല്ലാസ് നഗർ റോഡ്

വെഞ്ഞാറമൂട്: അപകടങ്ങൾ തുടർക്കഥയായ ഉല്ലാസ്‌നഗർ-മണ്ഡപക്കുന്ന് റോ‌ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനപാതയിൽ വാമനപുരത്തിന് സമീപം കീഴായിക്കോണത്തു നിന്ന് ആരംഭിച്ച് ഉല്ലാസ് നഗർ, മണ്ഡപക്കുന്ന്, ദീപാനഗർ വഴി ആറ്റിങ്ങൽ റോഡിലെ മുക്കുന്നൂർ ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡാണ് വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നത്. റോഡിലെ പുളിമൂട്ചിറ മുതൽ ഉല്ലാസ് നഗറിലേക്കുള്ള 300 മീറ്റർ ഭാഗത്തെ ടാറിംഗ് തകർന്നിട്ട് നാളേറെയായി. തൊട്ടടുത്തുള്ള ആലന്തറ അങ്കണവാടിയിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങളാണ് നിരവധി തവണ ഇവിടെ അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾക്കും ഇവിടം പേടിസ്വപ്നമാണ്. പുളിമൂട് ചിറയ്ക്ക് സമീപത്ത് ടാറിംഗിന്റെ വീതിക്കുറവും ഓടനിർമ്മാണത്തിലെ അപാകതയും മറ്റൊരു പ്രശ്നമാണ്. വിഷയത്തിൽ അടിയന്തരമായി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഇടപെടണമെന്നും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ആശ്രയിക്കുന്നവർ നിരവധി

പൂവണത്തുംമൂട് എൽ.പി.എസ്, ശാലിനി ഭവൻ സ്കൂൾ, ആലന്തറ എൽ.പി.എസ് തുടങ്ങിയ വിദ്യാലയങ്ങളിലെ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതകുരുക്കിൽപെടാതെ ആറ്റിങ്ങൽ റോഡിൽ കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാൻ റോഡ് ഉപകരിക്കും. അതുകൊണ്ടുതന്നെ നിരവധി സ്വകാര്യ വാഹനങ്ങളും ദിവസവും ഇതുവഴി സഞ്ചരിക്കാറുണ്ട്. വെഞ്ഞാറമൂട് ജംഗ്ഷനിൽ പ്രവേശിക്കാതെ തന്നെ കീഴായിക്കോണത്തു നിന്ന് ഉല്ലാസ് നഗർ , മണ്ഡപക്കുന്ന് വഴി മുക്കുന്നൂരിൽ എത്തുമ്പോൾ ലാഭിക്കാൻ കഴിയുന്നത് മൂന്ന് കിലോമീറ്ററാണ്.

..............................

ജനങ്ങളുടെ യാത്രാ ദുരിതം മനസിലാക്കി ജനപ്രതിനിധികൾ പ്രശ്നപരിഹാരത്തിന് ഇടപെടണം.

കൃഷ്ണൻകുട്ടി, പ്രസിഡന്റ്, ദീപാനഗർ റസിഡന്റ്സ് അസോ.

......................

നിരവധി അപകടങ്ങൾക്ക് കാരണമായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം.

അരുൺകുമാർ, പ്രദേശവാസി.

...................................

ജനസാന്ദ്രത എറിയ പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

വെമ്പായം ദാസ്, ജന. സെക്രട്ടറി. ഒ.ബി.സിമോർച്ച. വാമനപുരം നിയോജക മണ്ഡലം