cpm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിനെയും പ്രതിരോധത്തിലാക്കുന്ന വിവാദങ്ങൾ അടിക്കടിയുണ്ടാവുന്നതിന് കാരണം സി.പി.എം നേതൃത്വത്തിന്റെ നിരീക്ഷണംഇല്ലാതായതാണെന്ന വിമർശനം ഇടതുകേന്ദ്രങ്ങളിലുയരുന്നു.

മുൻകാല ഇടതുസർക്കാരുകളുടെ കാലത്ത് ,മുഖ്യമന്ത്രിമാരുടെ ഓഫീസിൽ പാർട്ടിയിൽ സംഘടനാപാടവമുള്ള ശക്തരെ സുപ്രധാന പദവികളിലേതിലെങ്കിലും നിയോഗിക്കുമായിരുന്നു. ഇത്തവണ തുടക്കം തൊട്ടേ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രി തന്നെ നിശ്ചയിക്കുന്ന നിലയുണ്ടായതാണ് പലപ്പോഴും വിനയായതെന്നാണ് വിമർശനം. ഇപ്പോൾ ആരോപണവിധേനായി പുറത്ത് പോകേണ്ടി വന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിനെയാണ് സർക്കാർ അധികാരമേറ്റയുടൻ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. ദൈനംദിന കാര്യങ്ങളിലിടപെടാതെ പൂർണ്ണസമയ പ്രൈവറ്റ്സെക്രട്ടറിയെന്ന നിലയിലേക്കുയരാൻ ശിവശങ്കർ തയാറായില്ല.

ഫലത്തിൽ ആദ്യ ഒരു വർഷക്കാലം മുഖ്യമന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയില്ലാത്ത അവസ്ഥയായിരുന്നു.

പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായ പുത്തലത്ത് ദിനേശനാകട്ടെ, ഭരണകാര്യങ്ങളിൽ തീർത്തും അപരിചിതൻ. പാർട്ടി സംസ്ഥാനകമ്മിറ്റി അംഗമെന്ന നിലയിൽ ഉയർന്നുപ്രവർത്തിക്കാനും പലപ്പോഴുമായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോൾ കാണുന്ന കാബിനിൽ ആദ്യമൊക്കെ ഇരുന്നത് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഉയർന്ന യോഗ്യതകളുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരും, സെക്രട്ടേറിയറ്റിൽ നിന്നെത്തിയ മറ്റുദ്യോഗസ്ഥരുമൊന്നും ഇദ്ദേഹത്തെ ഗൗനിച്ചില്ല. വർഷങ്ങളായി സി.പി.എം മന്ത്രിമാർക്കും, പ്രതിപക്ഷനേതാക്കൾക്കുമൊപ്പം സ്റ്റാഫായി പ്രവർത്തിച്ചയാളായിരുന്നു ഇദ്ദേഹമെന്നതും അവർക്ക് പ്രശ്നമായില്ല.

ഒരു കസ്റ്റഡി മരണമടക്കം പൊലീസിനെ ചുറ്റിപ്പറ്റി വിവാദമുയർന്നതോടെ, കരുത്തനായ പ്രൈവറ്റ് സെക്രട്ടറിയുടെ അഭാവം ഓഫീസിനെ ബാധിക്കുന്നുവെന്ന ഘട്ടമെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം മുൻ എം.എൽ.എയും സംസ്ഥാനസമിതി അംഗവുമായ എം.വി. ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്.അതോടെ, സന്ദർശകരെ സ്വീകരിക്കുന്നതിലും പരാതികൾ പരിശോധിക്കുന്നതിലുമടക്കം ഓഫീസിന്റെ പ്രവർത്തനം കുറേ ചടുലമായി. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ പി. ജയരാജന് പകരം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ മടങ്ങിയതോടെ, സ്ഥിതി കൂടുതൽ പരുങ്ങലിലായി. ഓഫീസിനകത്തെ ഉദ്യോഗസ്ഥ മേധാവിത്വം പരസ്പരവിശ്വാസമില്ലാത്ത ഗ്രൂപ്പുകൾ രൂപപ്പെടുന്നതിലേക്കെത്തി. ശിവശങ്കർ അപ്രമാദിത്വമുറപ്പിക്കുന്നത് ഇതിനിടെയാണ്.

ശിവശങ്കർ

അച്ചുതണ്ട്

ചടുലമായ പ്രവർത്തനത്തിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസമാർജ്ജിച്ച ശിവശങ്കർ, ഓഫീസിലെ പ്രതാപിയായി. ശിവശങ്കർ മുമ്പ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ,അദ്ദേഹത്തിന്റെ അണ്ടർ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനുമുണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ. അഡിഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അടുത്തിടെ വിരമിച്ച ഇദ്ദേഹവും ,ശിവശങ്കറും, ഇവരെ പലതിനും ആശ്രയിക്കേണ്ടിവന്ന മറ്റൊരു ഉന്നതനും ചേർന്ന അച്ചുതണ്ട് രൂപപ്പെട്ടു. എം.വി. ജയരാജന് പകരമെത്തിയ പ്രൈവറ്റ് സെക്രട്ടറിക്ക് സെക്രട്ടേറിയറ്റിൽ ഭരണ പരിചയം പോരെന്നതും എല്ലാം ശിവശങ്കറിന്റെ നിയന്ത്രണത്തിലാക്കി പലപ്പോഴും മുഖ്യമന്ത്രി ഇതൊന്നുമറിഞ്ഞില്ലെന്ന് വേണം കരുതാൻ.