തിരുവനന്തപുരം: സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ ക്രൈംബ്രാഞ്ച് ആസ്ഥാനം ഇന്നലെ രാവിലെ അടച്ചു. തിങ്കളാഴ്ച തുറക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി വ്യക്തമാക്കി. അണുവിമുക്തമാക്കൽ ഉൾപ്പെടെ നടത്തിയിട്ടേ ഓഫീസ് തുറക്കൂ.
കൊവിഡ് ഡ്യൂട്ടിക്കായി ക്രൈംബ്രാഞ്ചിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായ് ഏഴു മുതൽ ഫോർട്ട് സ്റ്റേഷന്റെ പരിധിയിൽ കൊവിഡ് ഡ്യൂട്ടിയിലായിരുന്നു ഇവർ. 15ന് ഹെഡ്ക്വാർട്ടേഴ്സിൽ മടങ്ങിയെത്തി. എന്നാൽ 14ന് എടുത്ത സാമ്പിളാണ് പോസിറ്റീവായത്.
കൊവിഡ് വ്യാപിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ സേനാംഗങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് മുതൽ പൊലീസ് ആസ്ഥാനത്തും ഓഫീസർമാരുൾപ്പെടെ അത്യാവശ്യമുള്ളവർ മാത്രം ജോലിക്കെത്തിയാൽ മതിയെന്ന് ഡി.ജി.പി അറിയിച്ചു. നാളെയും മറ്റന്നാളും ഓഫീസ് തുടർച്ചയായി അവധി ആയതിനാലാണ് അത്യാവശ്യ ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് നിർദ്ദേശിച്ചത്. ഓഫീസുകളിലും സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.