വർക്കല:വർക്കല താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധവും ജാഗ്രതയും ഊർജിതപ്പെടുത്തി. 21 ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്ററുകളിൽ 147 പുരുഷൻമാരും 11 സ്ത്രീകളും ഉൾപ്പെടെ 158 പേരിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായ എസ്.ആർ മെഡിക്കൽ കോളേജിൽ112 പേരും വർക്കല ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ 24 പേരും ഉൾപ്പെടെ 23 കേന്ദ്രങ്ങളിലായി 294 പേരാണ് നിരീക്ഷണത്തിലുളളത്. പാപനാശത്തെ ഗവ. പ്രകൃതിചികിത്സ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. 50 കിടക്കകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ പ്രവേശിപ്പിച്ചില്ല. ജില്ലാ ആയുർവേദ ആശുപത്രിയിൽ കൊവിഡ് ചികിത്സ ആശുപത്രിയാക്കി മാറ്റിയതിനാൽ ഒ.പി പരിമിതമായി മാത്രമേ പ്രവർത്തനം ഉളളൂവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.വി.ബൈജു പറഞ്ഞു.ആയുർവേദ ആശുപത്രിയിൽ 60 കിടക്കകളാണ് സജ്ജമാക്കിയിട്ടുളളത്.നഗരസഭയിലെയും സമീപ ഗ്രാപ പഞ്ചായത്തുകളിലെയും വാർഡ് തല ജാഗ്രതാ സമിതികളും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. അതത് ഗ്രാമപഞ്ചായത്തുകളിലെ ആശ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷൻ,ആരോഗ്യപ്രവർത്തകർ,റവന്യൂ വിഭാഗം എന്നിവരുടെ സാന്നിദ്ധ്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അഡ്വ. വി.ജോയി എം.എൽ.എ,തഹസിൽദാർ ടി.വിനോദ് രാജ് എന്നിവർ പറഞ്ഞു.വെട്ടൂർ പഞ്ചായത്തിലെ പുത്തൻചന്ത, വെട്ടൂർ, വിളഭാഗം, ചെമ്മരുതി എന്നിവിടങ്ങളിലെ പൊതു മാർക്കറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയായ റിസോർട്ടുകളിലും ഹോംസ്റ്റേകളിൽ എത്തുന്നവരുടെ കൃത്യമായ വിവരങ്ങൾ മുഴുവനും നഗരസഭയെ അറിയിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. മൈക്ക് അനൗൺസ്‌മെന്റിലൂടെ ബോധവത്കരണം നടന്നുവരുന്നു. ചെമ്മരുതി എസ്.എൻ.വി.എച്ച്.എസ്.എസ്, തച്ചോട് ഐ.ടി.ഐ, ഹോളി ഇന്നസെന്റ് സ്കൂൾ, ജവഹർ സ്കൂൾ, ഇടവ എം.ആർ.എം. കെ.എം.എച്ച്.എസ്.എസ് ഇടവ വലിയ കൂനമ്പായിക്കുളം ലേഡീസ് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ, എം.എ.എം മോഡൽ സ്കൂൾ, മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്, കെ.ടി.സി.ടി നഴ്സിംഗ് ഹോസ്റ്റൽ,മണമ്പൂർ ലവ് ഡെയ്ൽ പബ്ലിക് സ്കൂൾ,മാലിക് ഹോസ്പിറ്റൽ, ബി.പി.എം മോഡൽ സ്കൂൾ, പകൽകുറി വി.എച്ച്.എസ്.എസ്, പളളിക്കൽ ജി.എച്ച്.എസ്.എസ്, ശിവഗിരി കൺവെൻഷൻ സെന്റർ, എസ്.എൻ കോളേജ് വിമെൻസ് ഹോസ്റ്റൽ, എസ്.എൻ നഴ്സിംഗ് ഹോസ്റ്റൽ, വെട്ടൂർ എച്ച്.എസ്.എസ്, എസ്.ആർ മെഡിക്കൽ കോളേജ്, അകത്തുമുറി ശങ്കര ഡെന്റൽ കോളേജ് എന്നിവിടങ്ങളിലാണ് ഇൻസ്റ്റിറ്റ്യൂഷൻ, ക്വാറന്റൈൻ സെന്ററുകളായി പ്രവർത്തിക്കുന്നത്. അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വെട്ടൂർ,ചിലക്കൂർ പ്രദേശങ്ങളിൽ നിന്നുളളവർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുവാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് വി.ജോയി എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.