തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇനിയൊരു ചാരക്കേസോ എന്ന തലക്കെട്ടിൽ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ, മുഖ്യമന്ത്രിക്കും സർക്കാരിനും കോടിയേരി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.
ആരോപണവിധേയനായ ശിവശങ്കർ യു.ഡി.എഫ് ഭരണകാലത്ത് മർമ്മപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന പരിഗണനയിലാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന പെരുമാറ്റമുണ്ടായി. ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും, അതിന്മേൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ്സെക്രട്ടറിതല അന്വേഷണം നടത്തുകയും, റിപ്പോർട്ടിനായി കാക്കുകയും ചെയ്തത് .ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കര കയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്ത് നിന്ന് നീളില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോയാൽ യു.ഡി.എഫിനും ബി.ജെ.പിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ട്.പണ്ട് ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജി വയ്പിച്ച അനുഭവം കോൺഗ്രസിലെയും യു.ഡി.എഫിലെയും കൊട്ടാര വിപ്ലവ കാലത്തുണ്ടായിരുന്നു. ഒരു സ്ത്രീയെയും ഐ.പി.എസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കരുണാകരന്റെ രാജി. അത്തരമൊരവസ്ഥ ഇന്നുണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട- വിഷയത്തിൽ ഇടതുമുന്നണിയിലും പാർട്ടിയിലും അഭിപ്രായഭിന്നതകളില്ലെന്ന് സ്ഥാപിച്ച് കോടിയേരി വ്യക്തമാക്കി.