വക്കം: കയർവ്യവസായത്തിന്റെ പ്രതാപകാലത്ത് വക്കത്തെ വീടുകളുടെ ഐശ്വര്യമായിരുന്ന വട്ടങ്ങൾ ഇന്ന് ഓർമ്മയാകുന്നു. കയർ പിരിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം നിലച്ചതാണ് വട്ടങ്ങൾക്കും ചരമഗീതം മുഴക്കിയത്. വക്കം മേഖലയിൽ ഒരുകാലത്ത് നൂറിലധികം വട്ടങ്ങൾ സ്ഥിരം കാഴ്ചയായിരുന്നു. കയർ മേഖലയെ പരിപോഷിപ്പിക്കാൻ അഞ്ചിലധികം കയർ സംഘങ്ങളും വക്കം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ഇന്നത് ഒന്നായി ചുരുങ്ങി. പണ്ടുകാലത്ത് വീടിന്റെ സാമ്പത്തികനില തന്നെ മനസിലാക്കിയിരുന്നത് വട്ടങ്ങളുടെ എണ്ണം കണക്കാക്കിയാണ്. മൂന്ന് അതിരുകളും കായലിനാൽ ചുറ്റപ്പെട്ട വക്കം ഗ്രാമപഞ്ചായത്തിൽ കയർവ്യവസായത്തിനും വട്ടങ്ങൾക്കും വലിയ സ്ഥാനമാണുണ്ടായിരുന്നത്.
ഇന്ന് എല്ലാം ഓർമ്മകൾ മാത്രമാണ്. ചില വട്ടങ്ങളിൽ പ്ലാസ്റ്റിക് അടക്കമുളള പാഴ് വസ്തുക്കൾ കൊണ്ട് മൂടപ്പെട്ടു. നാട്ടിൽ കയർ പിരിക്കുന്ന റാട്ടുകളുടെ ശബ്ദം പോലും കേൾക്കാനില്ല. നിലവിലുള്ള കയർ സംഘത്തിന് പിരിക്കാനുള്ള ചകിരി എത്തിക്കുന്നത് കയർ ഫെഡാണ്. നിലവിൽ ഉപയോഗിക്കുന്ന വട്ടങ്ങളിലെ അഴുകിയ തൊണ്ട് കയർ ഫെഡ് ഏറ്റെടുത്ത് ചകിരിയാക്കി എത്തിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. വട്ടങ്ങൾ നശിക്കുമ്പോൾ വക്കത്തിന്റെ പൈതൃകമായ കയർ വ്യവസായവും പൂർണമായും നിശ്ചലമാകുമോ എന്ന സംശയത്തിലാണ് ജനങ്ങൾ.
ഇതാണ് വട്ടങ്ങൾ
കയറുല്പാദനത്തിനാവശ്യമായ തൊണ്ട് അഴുക്കുന്നതിനാണ് വട്ടങ്ങൾ ഉപയോഗിക്കുന്നത്.
കയറിലും നൈലോണിലും തീർത്ത് വലസഞ്ചികളിൽ തൊണ്ട് എണ്ണി നിറച്ച് വെള്ളത്തിൽ താഴ്ത്തും. കായലിനോട് ചേർന്ന ഭൂമിയിൽ വലിയ കുളം വെട്ടിയ ശേഷം അതിനെ തോടുവഴി കായലുമായി ബന്ധിപ്പിക്കും. കായലിലെ വെള്ളം വട്ടത്തിൽ നിറയുന്നതോടെ തൊണ്ടഴുക്കലിന് തുടക്കമാകും. കരയിലുള്ളതിന് പുറമേ കായലിലും വട്ടങ്ങൾ തയ്യാറാക്കിയിരുന്നു.
വലകളിൽ ഇട്ട തൊണ്ട് വട്ടത്തിലെ വെള്ളത്തിൽ താഴുന്നതിന് ദിവസങ്ങൾ വേണ്ടിവരും. ഇതിനുശേഷം തൊണ്ടിനുമുകളിൽ ചെളി കോരിനിറച്ച് മാലുകൾ രൂപപ്പെടുത്തും. മാലിന്റെ സ്ഥാനം തിരിച്ചറിയാൻ അടയാളമായി കമ്പുകൾ നാട്ടും. ആറുമാസം മുതൽ ഒരു വർഷം വരെ ഇത്തരം മാലുകളിൽ കിടന്നാലേ തൊണ്ട് അഴുകി പാകപ്പെടൂ. ഒരു വട്ടത്തിൽ തന്നെ നിരവധി മാലുകൾ ഉണ്ടാകും. കാലപ്പഴക്കമനുസരിച്ച് മാല് പൊളിച്ച് തൊണ്ട് പുറത്തെടുക്കുകയാണ് പതിവ്.
മത്സ്യ സമ്പത്തിനും ഗുണകരം
മാലുകൾ കായലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതാണെന്ന് പഴമക്കാരും ഫിഷറീസ് വകുപ്പും അഭിപ്രായപ്പെടുന്നു. മീനുകളുടെ പ്രജനനത്തിന് മാലുകൾ ഏറെ സഹായകരമാണ്. നിശ്ചലമായ മാലുകൾക്കിടയിൽ മീനുകൾക്ക് മുട്ടയിടാനും ഇത് വിരിയിക്കാനും സാധിക്കും. കരിമീനിന് പേരുകേട്ട വക്കം കായലിൽ ഇന്ന് ഇതടക്കമുള്ള മീനുകൾ വംശനാശ ഭീഷണിയിലാണ്. ഒപ്പം കൊറുവാ, കാരി, മൂരി, നൂലി തുടങ്ങിയ ഇനങ്ങളും അപ്രത്യക്ഷമായി.
..................................................
വക്കത്തിന്റെ തനത് വ്യവസായമായ കയറിന് പുതുജീവനേകാൻ വക്കം ഗ്രാമ പഞ്ചായത്ത് പ്രത്യേക താത്പര്യം കാട്ടണം
എൻ.ബിഷ്ണു, പ്രസിഡന്റ് കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റി