കോവളം :കാലപ്പഴക്കം കൊണ്ട് ജീർണിച്ച വീടിന്റെ ചുമരിടിഞ്ഞു വീണതോടെ അപകടത്തിന്റെ നിഴലിൽ കഴിയുകയാണ് ഒരു കുടുംബം. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി പാലപ്പൂര് കാണവിള വീട്ടിൽ ചന്ദ്രൻ (58),മകൻ രതീഷ് (30),മരുമകൾ സൗമ്യ (29), പേരക്കുട്ടികളായ കിരൺ, കാർത്തിക് എന്നിവരുൾപ്പെട്ട അഞ്ചംഗ കുടുംബമാണ് അപകടാവസ്ഥയിലായ വീട്ടിൽ കഴിയുന്നത്. തുടർച്ചയായ മഴയിലും വെള്ളക്കെട്ടിലും ഒരാഴ്ച മുമ്പാണ് അടുക്കളയുടെ ചുമരും പിറകുവശത്തെ ചുമരും ഇടിഞ്ഞുവീണത്.മറ്റു വശങ്ങളിലെ ചുമരുകൾ ഏതുനിമിഷവും വീഴാവുന്ന തരത്തിൽ തെന്നിമാറിയ അവസ്ഥയിലാണ്. അടുക്കളയ്ക്ക് ഇപ്പോൾ മറയായുള്ളത് പ്ലാസ്റ്റിക് ഷീറ്റുമാത്രമാണ്. ചോർന്നൊലിക്കുന്ന ഷീറ്റിട്ട വീടിനു മുകളിൽ പഴയ വലിയ ഫ്ളക്സ് വലിച്ചുകെട്ടിയാണ് ചോർച്ച അടച്ചിരിക്കുന്നത്. വീട് അടച്ചുപൂട്ടാനും സാധിക്കാതെയായി.രണ്ട് വർഷം മുമ്പാണ് ചന്ദ്രന്റെ ഭാര്യ നിർമ്മല മരണമടഞ്ഞത്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന രതീഷിന് ഇപ്പോൾ ജോലിയും നഷ്ടമായി. ചന്ദ്രന്റെ പേരിലുള്ള 4 സെന്റ് വസ്തുവിലാണ് പിഞ്ചു കുഞ്ഞുങ്ങുളുമായി ജീവൻ പണയംവച്ച് ഈ സാധു കുടുംബം കഴിയുന്നത്. വീടിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ ചന്ദ്രന്റെ വീടിന്റെ ശോചനീയാവസ്ഥ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടെന്നും ഇന്ദിരാ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണത്തിന് അനുമതി ലഭിച്ചതായും ഗ്രാമ പഞ്ചായത്തംഗം ജയൻ അറിയിച്ചു.