siva

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്ക് പ്രോജക്ടിൽ ഓപ്പറേഷൻ മാനേജർ തസ്തികയിൽ നിയമിക്കാൻ ശുപാർശ ചെയ്തത് മുൻ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ ആണെന്ന് തെളിഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ്‌കുമാർ സിംഗും ചേർന്ന അന്വേഷണ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.

സ്വപ്ന വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് ചമച്ചാണ് നിയമനം നേടിയതെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കവേ ശിവശങ്കറിനെ കൂടുതൽ കുരുക്കിലാക്കുന്നതാണ് കണ്ടെത്തൽ.

യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിക്കാൻ ശിവശങ്കർ ശുപാർശ ചെയ്തത്. നിയമനം കൺസൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ മുഖേനയായിരുന്നെന്നും അവർ ഇതിനായി വിഷൻ ടെക്നോളജി എന്ന റിക്രൂട്ടിംഗ് ഏജൻസിയെ ചുമതലപ്പെടുത്തിയെന്നും യോഗ്യതകൾ വച്ച് സ്വപ്നയെ നിയമിച്ചെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, സ്വപ്ന സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതോടെ നിയമനത്തിന് വ്യാജരേഖ ചമച്ചെന്ന പരാതിയുയർന്നു. ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിന് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.

സർവീസ് ചട്ട ലംഘനം

 ശിവശങ്കറിന്റെ ഇടപെടൽ പ്രഥമദൃഷ്ട്യാ തന്നെ 1968ലെ അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം

 വിദേശ കോൺസുലേറ്റ് ഉദ്യോഗസ്ഥയുമായുള്ള ഇത്തരത്തിലുള്ള ചങ്ങാത്തവും നിരന്തരമായ സമ്പർക്കവും ചട്ട ലംഘനം

 വിദേശ പ്രതിനിധി, മിഷൻ എന്നിവരുമായി ബന്ധപ്പെടുന്നതിൽ അഖിലേന്ത്യാ സർവീസിലുള്ളവർ പാലിക്കേണ്ട പെരുമാറ്റ നിർദ്ദേശങ്ങളും ലംഘിച്ചു

സസ്‌പെൻഷൻ ഉത്തരവ്

വിഷയം സർക്കാർ ഗൗരവമായി പരിശോധിച്ച് ശിവശങ്കറിനെ ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം സസ്‌പെൻഡ് ചെയ്യുകയാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ഉപജീവന അലവൻസിന് അർഹനായിരിക്കും.