തിരുവനന്തപുരം: ലോക്ക് ഡൗൺ ഇല്ലാതെയുള്ള സ്വയം നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡിനെ അകറ്റിനിറുത്താമെന്നതിന്റെ ഉദാഹരണമാണ് കാട്ടാക്കടയിലേത്. എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങളിൽ തെല്ലും കുറവ് വരുത്തിയിട്ടില്ല. ഇതേക്കുറിച്ച് കാട്ടാക്കടയുടെ ജനപ്രതിനിധിയായ ഐ.ബി.സതീഷ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു.
ലോക്ക് ഡൗണിനു മുമ്പേ സ്വയം നിയന്ത്രണം
കൊവിഡ് രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തന്നെ കാട്ടാക്കടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ബ്രേക്ക് ദ ചെയിൻ മുതൽ കൃത്യമായി വീഴ്ചയില്ലാതെ തന്നെ നടപ്പാക്കി. രോഗവ്യാപനം രൂക്ഷമായപ്പോൾ മാത്രമാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വന്നത്. എന്നാൽ, ജനങ്ങളുടെ സഹകരണം കൊണ്ട് ലോക്ക് ഡൗണിന് മുമ്പ് തന്നെ സ്വയം നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കാനായതാണ് കാട്ടാക്കടയുടെ വിജയം. പൊതുവേ തിരക്കേറിയ കാട്ടാക്കടയിൽ ജനത്തിരക്ക് കുറയ്ക്കുന്നതിനാണ് മുൻഗണന നൽകിയത്. കവലകളിലും മറ്റും ആളുകൾ കൂട്ടം കൂടുന്നത് വിലക്കി. പൊതുസ്ഥലങ്ങളിൽ കൈകൾ വൃത്തിയാക്കുന്നതിന് സോപ്പും സാനിറ്റൈസറുമൊക്കെ ഏർപ്പെടുത്തി. കൃത്യമായി സാമൂഹ്യ അകലം പാലിക്കണമെന്നും നിർദ്ദേശം നൽകി. കടകളിലും മറ്റും പോകുന്നതിനുള്ള സമയവും ക്രമപ്പെടുത്തി. വഴിയോര കച്ചവടവും നിയന്ത്രിച്ചു. ഇതിനോടെല്ലാം ജനം പൂർണമായി സഹകരിച്ചു. ആദ്യമൊക്കെ സാമൂഹ്യ അകലം പാലിക്കുന്നതിലും മറ്രും എതിർപ്പുകളുണ്ടായെങ്കിലും പിന്നീട് ജനം എല്ലാം മനസിലാക്കി നിയന്ത്രണങ്ങളോട് പൂർണമായും സഹകരിച്ചു.
ആറ് രോഗികൾ മാത്രം
നിലവിൽ കാട്ടാക്കടയിൽ ആറ് രോഗികൾ മാത്രമാണുള്ളത്. എന്നുകരുതി രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവമില്ല. എല്ലാദിവസവും അവലോകന യോഗങ്ങൾ ചേർന്ന് അന്നന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തുണ്ട്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. യോഗങ്ങളിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
സർക്കാർ നിർദ്ദേശപ്രകാരം രണ്ട് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നുണ്ട്. മലയിൻകീഴിലെ എം.എം.എസ് ഗവൺമെന്റ് കോളേജിലാണ് ഒരു സെന്റർ. രണ്ടാമത്തേത് ഇ.എം.എസ് അക്കാഡമിയിലായിരിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല, അക്കാഡമിയിലും ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്രവ പരിശോധനാ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആശുപത്രികളിലും വേണ്ട മെഡിക്കൽ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.