regi

കഴിഞ്ഞ നാലുവർഷംകൊണ്ട് രജിസ്ട്രേഷൻ വകുപ്പ് പൊതുജനങ്ങൾക്ക് അതിവേഗം സേവനം നൽകുന്ന വകുപ്പുകളിലൊന്നായി മാറി. അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനികവത്കരണത്തിലും വകുപ്പ് മുൻപന്തിയിലാണ്. ഇത്തരം നടപടികളിലൂടെ അഴിമതി വകുപ്പ് എന്ന പ്രതിച്ഛായ കഴിഞ്ഞ നാലുവർഷം കൊണ്ട് മാറ്റിയെടുത്തു. ഇൗ ഗവൺമെന്റിന്റെ കാലയളവിലെ പ്രധാനപ്പെട്ട നേട്ടങ്ങൾ:

 രജിസ്ട്രേഷൻ വകുപ്പിൽ 'പുതിയ കാലം പുതിയ സേവനം" എന്ന മുദ്രാവാക്യം മുൻനിറുത്തി പുതിയ സേവനങ്ങൾ ഏർപ്പെടുത്തി.

 കാര്യക്ഷമത മെച്ചപ്പെടുത്താൻ നാലുവർഷങ്ങളിലായി 975 കമ്പ്യൂട്ടറുകൾ, 212 പ്രിന്ററുകൾ, 35 കാമറകൾ എന്നിവ നൽകി.

 2017-18 ൽ 26 ഒാഫീസുകൾ ആധുനിക സജ്ജീകരണങ്ങളോടെ പരിഷ്കരിച്ചു. 2018-19 ൽ 35 ഒാഫീസുകളും. 2019-20 ൽ 25 ഒാഫീസുകളും പരിഷ്കരിച്ചു.

 അഴിമതി രഹിതമായി ഒാഫീസുകൾ മാറ്റുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഒാഫീസിലെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കുള്ള ഫീസുകൾ ഇ പേയ്‌മെന്റായി സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തി.

 ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫീസ് അടയ്ക്കുന്ന ഇ പോസ് സംവിധാനവും 2019 ആഗസ്റ്റ് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഒാഫീസിലും ഇത് നടപ്പാക്കിയിട്ടുണ്ട്.

ആധാര കക്ഷികളുടെ വിരലടയാളവും ഫോട്ടോയും ബയോമെട്രിക് സംവിധാനത്തിലൂടെ എടുത്ത് ഡിജിറ്റലൈസ് ചെയ്ത് ആധാരത്തിന്റെ ഭാഗമാക്കാനുള്ള നടപടികൾ നടന്നുവരുന്നു.

 കേരളത്തിൽ വ്യാജ മുദ്രപത്രങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ തയ്യാറാക്കാൻ ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി.

സബ് രജിസ്ട്രാർ ഒാഫീസുകളിലെ നെറ്റ് വർക്ക് തകരാറുകൾ ഒഴിവാക്കി ഒാൺലൈൻ സേവനങ്ങൾ നൽകാൻ എല്ലാ സബ് രജിസ്ട്രാർ ഒാഫീസുകളിലും ബി.എസ്.എൻ.എല്ലിന്റെ ഒപ്റ്റിക് ഫൈബർ കണക്‌ഷനുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. പുറമേ മറ്റൊരു കമ്പനിയുടെ കണക്‌‌ഷൻ കൂടി സബ് രജിസ്ട്രാർ ഒാഫീസിൽ അനുവദിക്കാനും തീരുമാനിച്ചു.

 315 സബ് രജിസ്ട്രാർ ഒാഫീസുകളിൽ 107 എണ്ണം വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നവയാണ്. 100 വർഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങൾ നിലവിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കി പണിയാനും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒാഫീസുകൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാനും തീരുമാനിച്ചു.

ഇൗ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിർമ്മാണം പൂർത്തിയാക്കിയ സുൽത്താൻബത്തേരി, പെരിന്തൽമണ്ണ, രാജപുരം, മക്കരപ്പറമ്പ്, മാന്നാർ, കക്കോടി, കാഞ്ഞിരപ്പള്ളി, തൂണേരി, മീനച്ചിൽ, ചിതറ, കുമരനല്ലൂർ, വെങ്ങാനൂർ, വടക്കഞ്ചേരി, മഞ്ചേശ്വരം എന്നീ 14 സബ് രജിസ്ട്രാർ ഒാഫീസുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

രജിസ്ട്രേഷൻ വകുപ്പിലെ ആധാരപ്പകർപ്പുകൾ ഉൾപ്പെടെയുള്ള രേഖകൾ സംരക്ഷിക്കാൻ രേഖകളുടെ ഡിജിറ്റലൈസേഷൻ നടപ്പിലാക്കാൻ തീരുമാനിച്ചു. 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിൽ 35 കോടിരൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. പത്തനംതിട്ട ജില്ലയിലെ സബ് രജിസ്ട്രാർ ഒാഫീസുകളിലെ മുഴുവൻ രേഖകളുടെയും ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി.

ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആധാരങ്ങൾ ഇപ്പോൾ സ്കാൻ ചെയ്ത് സൂക്ഷിക്കുകയാണ്. ഇൗ ആധാരങ്ങളുടെ ആദ്യത്തെ പേജ് ഏതൊരാൾക്കും സൗജന്യമായി കാണാനുള്ള സൗകര്യം രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇൗ ആധാരത്തിന്റെ കോപ്പി ആവശ്യമുള്ളവർക്കും ആധാരം മുഴുവനായി കാണണമെന്ന് ഉള്ളവർക്കും ആവശ്യമായ ഫീസടച്ച് സേവനം നേടാവുന്നതാണ്. കൂടാതെ 50 രൂപയുടെ ഇ സ്റ്റാമ്പ് മുഖാന്തരം സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പും ഡിജിറ്റൽ സിഗ്‌നേച്ചറോടെ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള നടപടികൾ പൂർത്തിയാക്കി.

 അസൽ ആധാരങ്ങൾ സ്കാൻ ചെയ്ത് വകുപ്പിന്റെ സെർവറിൽ സൂക്ഷിക്കാനും സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി കക്ഷികളുടെ ഫോട്ടോയും വിരൽപ്പതിപ്പുമുള്ള അസൽ ആധാരത്തിന്റെ പകർപ്പ് തന്നെ നൽകാനും നടപടികൾ സ്വീകരിച്ചു.

 സഹകരണ ബാങ്കുകളിൽനിന്നും കാർഷിക വായ്പകൾ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്ന ഗഹാനുകളുടെയും അവയുടെ ഒഴിമുറികളുടെയും രജിസ്ട്രേഷൻ ഇ-ഫയലിംഗ് സംവിധാനം മുഖേന 2019 ഏപ്രിൽ മുതൽ മാറ്റിയിട്ടുണ്ട്.

രേഖകളുടെ ഡിജിറ്റലൈസേഷൻ സഹായകരമാവുന്ന തരത്തിലും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാവുന്ന തരത്തിലും ആധാരങ്ങളുടെ ശരിപ്പകർപ്പ് ഫയൽ ചെയ്യുന്ന ഫയലിംഗ് ഷീറ്റ് എ 3 വലിപ്പത്തിൽ നിന്നും എ 4 വലിപ്പത്തിലേക്ക് 2019 ജനുവരി ഒന്ന് മുതൽ മാറ്റിയിട്ടുണ്ട്.

1986 മുതൽ 2017 മാർച്ച് വരെയുള്ള കുടിശിക അണ്ടർ വാല്യൂവേഷൻ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കി.കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുത്താൻ ഇൗ പദ്ധതി 2020 സെപ്തംബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

 ഭൂമിയുടെ ന്യായവില പുതുക്കി നിർണയിക്കാനുള്ള നടപടികൾ റവന്യൂ വകുപ്പുമായി ചേർന്ന് നടത്തിവരുന്നു.സബ് രജിസ്ട്രാർ ഒാഫീസുകളിലെ അഴിമതി അവസാനിപ്പിക്കാൻ എല്ലാ സബ് രജിസ്ട്രാർ ഒാഫീസുകളിലും സി.സി ടി.വി കാമറകൾ

സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്.

ആധാരമെഴുത്തുകാർക്കും കൈപ്പടക്കാർക്കും സ്റ്റാമ്പ് വെണ്ടർമാർക്കുമായുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ ഇരട്ടിയായി വർദ്ധിപ്പിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

 ഒൻപത് വർഷമായി മുടങ്ങിക്കിടന്ന ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ നടത്തി. വിജയിച്ച 1600 ഒാളംപേർക്ക് പുതിയ ലൈസൻസും പതിനായിരത്തോളം ലൈസൻസികൾക്ക് തിരിച്ചറിയൽ കാർഡുകളും നൽകി.

പൊതുജനങ്ങൾക്ക് പൊതുഅവധി ദിവസങ്ങളിൽ കൂടി രജിസ്ട്രേഷൻ സൗകര്യം ലഭിക്കാനും നടപടി സ്വീകരിച്ചു.

(പൊതുമരാമത്ത്,രജിസ്ട്രേഷൻ വകുപ്പുമന്ത്രിയാണ് ലേഖകൻ)