general

ബാലരാമപുരം: ഭഗവതിനട - ഐത്തിയൂർ ഒാട നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പകുതി വഴിക്ക് ഉപേക്ഷിച്ചതിൽ പ്രിതഷേധവുമായി നാട്ടുകാർ. നിലവിലെ ഓടയുടെ സ്ഥിതി കാരണം നാട്ടുകാരും വാഹനയാത്രികരും ദുരിതത്തിലാണ്. റോഡ് വെട്ടി മുറിച്ചതു കാരണം ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കോൺക്രീറ്റ് സ്ളാബുകൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പണികൾ നിറുത്തിവച്ചതെന്നാണ് കരാറുകാരൻ പറയുന്നത്. മുപ്പത് ദിവസത്തോളം വെള്ളം നനച്ച് സ്ലാബുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയതിനുശേഷമാണ് ഓടയുടെ മേൽമൂടിയായി ഇവ സ്ഥാപിക്കുന്നത്. അല്ലാത്ത പക്ഷം ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്ലാബുകൾ പൊളിഞ്ഞുപോകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇക്കാരണത്താൽ പണി നിറുത്തിവച്ചിട്ട് രണ്ടാഴ്ചയായി. ഐ.ബി. സതീഷ് എം.എൽ.എ ഇടപെട്ട് ഭഗവതിനട –ഐത്തിയൂർ റോഡ്,​ പുന്നമൂട് –വെള്ളായണി റോഡ് പള്ളിച്ചൽ - മാവറത്തല റോഡ് എന്നീ റോഡുകൾക്കാണ് ഒന്നേമുക്കാൽ കോടി രൂപ മരാമത്ത് ഫണ്ട് അനുവദിച്ചത്. വി.എസ്.ഡി.പി ശിവാലയക്കോണം സമത്വസമാജം ഓട നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയിരുന്നു. മരാമത്ത് അധികൃതരെ വിളിച്ച് നാട്ടുകാരും വിവിധ സംഘടനകളും പരാതി അറിയിച്ചെങ്കിലും ആരും തന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞ്നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷപാർട്ടികൾ.

 തലവേദനയായി ഓട നിർമ്മാണം

ഭഗവതിനട - ഐത്തിയൂർ റോഡിലെ ഓടനിർമ്മാണം നിറുത്തിവച്ചിട്ട് ആഴ്ചകളായി. ദേശീയപാതയിൽ നിർമ്മാണജോലികൾ നടക്കുന്നതുമൂലം മിക്ക വാഹനങ്ങളും ഈ ഇടറോഡ് വഴിയാണ് കടന്നുപോകുന്നത്. റോഡ് വെട്ടിപ്പൊളിച്ചതുകാരണം വാഹനഗതാഗതം പൂർണമായും നിലച്ചു. ഭരണപക്ഷ പ്രതിനിധികളോ ഉദ്യോഗസ്ഥരോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. റോഡ് വെട്ടിപ്പൊളിച്ച് ജനങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും.

ഭഗവതിനട ശിവകുമാർ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

 ഓടനിർമ്മാണം ശാസ്ത്രീയമായ രീതിയിൽ

റോഡിന്റെയും സമീപഓടയുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തി വളരെ ശാസ്ത്രീയമായ രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മിച്ചയുടനെ കോൺക്രീറ്റ് സ്ലാബുകൾ ഓടയ്ക്ക് മീതെ സ്ഥാപിക്കാൻ കഴിയില്ല. പരാതിയുയർന്ന സാഹചര്യത്തിൽ മരാമത്ത് അധികൃതരെ വിളിച്ച് നിർമ്മാണപുരോഗതി വിലയിരുത്തിയിട്ടുണ്ട്. ദീർഘകാല സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണ് ഓടയ്ക്ക് മീതെ കോൺക്രീറ്റ് സ്ലാബുകൾ പാകുന്നത്. കൃത്യമായ ഇടവേളകളിലൂടെ ശാസ്ത്രീയമായ രീതിയിലാണ് പണികൾ നടന്നുവരുന്നത്. റോഡുകളുടെ സുരക്ഷിതത്വം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

ഐ.ബി. സതീഷ് എം.എൽ.എ

കാഞ്ഞിരംകുളം സെക്‌ഷന്റെ കീഴിൽ മൂന്ന് റോഡുകളുടെ പുനഃരുദ്ധാരണത്തിനും ഓടകളിൽ പുതിയ കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിക്കുന്നതിനും അനുവദിച്ചത് 1.75 കോടി രൂപ