ആര്യനാട് : മലയോര മേഖലകളിൽ കൊവിഡ് വ്യാപനം സംബന്ധിച്ച ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി അരുവിക്കര നിയോജക മണ്ഡലംതല അവലോകനയോഗം തീരുമാനിച്ചു. മണ്ഡലത്തിലെ ഇതുവരെയുള്ള പ്രതിരോധ നടപടികൾ യോഗം ചർച്ച ചെയ്തു. വിവിധ പഞ്ചായത്തുകളിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടങ്ങളിലെല്ലാം ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ ആശങ്കയുടെ സാഹചര്യം ഒഴിവാക്കാൻ നിലവിൽ കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. കെ.എസ്. ശബരീനാഥൻ.എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വെള്ളനാട് ശശി(വെള്ളനാട്),എസ്.ഷാമില ബീഗം(ആര്യനാട്),കാട്ടാക്കട തഹസിൽദാർ സജി.എസ്.കുമാർ,വെള്ളനാട് ബി.ഡി.ഒ രാംജിത്, ആര്യനാട് സർക്കിൾ ഇൻസ്‌പെക്ടർ യഹിയ,ആരോഗ്യ വകുപ്പ് താലൂക്ക് കൺവീനർ ഡോ.ജയകുമാർ,ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സെക്രട്ടറിമാർ,വിവിധ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,പൊലീസ് - ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
യോഗതീരുമാനങ്ങൾ.
പഞ്ചായത്ത് തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കും
പഞ്ചായത്തുകളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കും
പരമാവധി 100 പേർക്ക് കിടക്കാൻ കഴിയുന്ന വിധമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കുന്നത്
സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പരിശോധനകൾ പൂർത്തിയാക്കി ആശങ്കകൾ ഒഴിവാക്കും
പ്രാദേശിക തലത്തിൽ കർശനമായ സുരക്ഷ നടപടികളും ജാഗ്രത നിർദേശങ്ങളും കൂടുതൽ ശക്തമാക്കും
അടിയന്തിരമായി പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കും
പൊലീസ് പരിശോധന ശക്തമാക്കും
ഗ്രാമീണ മേഖലയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം