വെള്ളറട: മലയോര മേഖലയിൽ അവശേഷിക്കുന്ന പ്രധാന കൃഷികളിൽ ഒന്നായ വാഴ കൃഷിക്ക് ആവശ്യമായ സർക്കാർ സഹായം ലഭിക്കാത്തതിനാൽ കർഷകർ കടുത്ത പ്രതിസദ്ധിയിലായിരിക്കുകയാണ്. ഹെക്ടർ കണക്ക് സ്ഥലങ്ങൾ കുത്തക പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകരാണ് ഏറെ പ്രതിസന്ധിയിലായത്. എന്നാൽ കൃഷി നശിക്കുന്നതു കാരണം പാട്ടത്തുകപോലും ഇവർക്ക് ലഭിക്കാത്ത സാഹചര്യമാണ്. ഈ അടുത്ത കാലത്താണ് വാഴ കുലകൾക്ക് നേരിയ വിലയെങ്കിലും ലഭിച്ചത്. അതുതന്നെ കാര്യമായ കായ്ഫലം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു. വളവും കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്നു ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ക‌ഴിയുകയുള്ളുവെന്ന അവസ്ഥയിലാണ് കർഷകർ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആയിരക്കണക്കിനുരൂപയുടെ നഷ്ടമുണ്ടായാൽ പോലും നഷ്ടപരിഹാരമായി തുച്ഛമായ തുകയാണ് കർഷകന് ലഭിക്കുന്നത്. ഏത്തനും കപ്പയും കൃഷിചെയ്യുന്ന കർഷകരാണ് കടുത്ത നഷ്ടത്തിന് ഇരയാകുന്നത്. കൃഷി ഭവനുകൾ വഴി വാഴകർഷകരെ സഹായിക്കുന്നതുനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയിലെങ്കിൽ അവശേഷിക്കുന്ന വാഴ കൃഷിപോലും നശിക്കുമെന്ന അവസ്ഥയാണ് നിലവിൽ. കർഷകരെ സംരക്ഷിക്കാൻ സർക്കാർ കാര്യമായി ഇടപെടൽ നടത്തി കൃഷിക്ക് ആവശ്യമായ വായ്പയും മറ്റു ധന സഹായങ്ങളും ലഭ്യമാക്കുന്നതിന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിലവിലുള്ള കൃഷികൾ പോലും നശിക്കുന്ന സാഹചര്യമാണ്. തമിഴ്നാട്ടിൽ നിന്നു കിട്ടുന്ന പഴങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ നിന്നും ലോറിക്കണക്കിന് വാഴക്കുലകളാണ് നമ്മുടെ മാർക്കറ്റുകളിൽ എത്തുന്നത്.

മാർക്കറ്റ് വില

ഏത്തൻ (നാടൻ) -40

കിഴക്കൻ-30

കപ്പ- 45

വാഴക്കൃഷി പ്രധാനമായുള്ളത്

കുന്നത്തുകാൽ

ആര്യങ്കോട്

ഒറ്റശേഖരമംഗലം

വെള്ളറട പഞ്ചായത്തുകളിൽ