കിളിമാനൂർ: കൊവിഡിന് ശേഷം വരാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് " എല്ലാവരും കൃഷിയിലേക്കിറങ്ങണം, എല്ലാ സ്ഥലത്തും കൃഷി ചെയ്യണം" എന്ന മുദ്രാവാക്യവുമായി സുഭിക്ഷ കേരള പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കുമ്പോൾ അതിന് പൂർണ പിന്തുണയുമായി കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത്. പദ്ധതി അതിവേഗം നടപ്പാക്കിയാണ് കിളിമാനൂർ മറ്റ് ബ്ളോക്ക് പഞ്ചായത്തുകൾക്ക് മാതൃകയാകുന്നത്. എല്ലാ പഞ്ചായത്തുകളിലും പദ്ധതി ബഹുദൂരം മുന്നിലാണ്. പ്രളയം കാരണം കഴിഞ്ഞവർഷം ഒന്നാംവിള വൈകുകയും രണ്ടാംവിള കൃഷി ചെയ്യാനും പറ്രാത്ത സാഹചര്യമായിരുന്നു. എന്നാൽ ഇത്തവണ ജൂൺ - ജൂലായ് മാസത്തിൽ തന്നെ ഒന്നാംവിള കൃഷി ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കർഷകർ.
ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമിയിൽ നെൽക്കൃഷി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തായി മാറാനും കിളിമാനൂരിന് സാധിച്ചു. മുറ്റത്തൊരു കൃഷി ത്തോട്ടം പദ്ധതിയുമായി ബന്ധപ്പെട്ട് അൻപതിനായിരത്തോളം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്യുകയും പരിസ്ഥിതി ദിനത്തിൽ അരലക്ഷത്തോളം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാനും സാധിച്ചു.
പഞ്ചായത്തുകൾ ഒന്നാംവിള കൃഷി (ഹെക്ടർ) കൃഷി ചെയ്ത തരിശുനിലം (ഹെക്ടർ ) മറ്റു വിളകൾ (ഹെക്ടർ)
കരവാരം - 85 - 10 - 12
കിളിമാനൂർ - 27-6-11
മടവൂർ - 10-5-11
നഗരൂർ - 105-13 -29
നാവായിക്കുളം 60-17 - 7
പള്ളിക്കൽ - 33 - 6-26
പഴയകുന്നുമ്മൽ - 9.5 - O.25-7.5
പുളിമാത്ത് 40 - 3 -10
ആകെ നെൽകൃഷി: 449.75 ഹെക്ടർ
മറ്റുവിളകൾ: 113.5 ഹെക്ടർ.
മുൻ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾ കാർഷിക രംഗത്തേക്ക് മുന്നിട്ട് ഇറങ്ങുന്നുണ്ട്. കൊവിഡ് പോലുള്ള മഹാമാരിക്ക് ശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ വലുതാണ് അത് മുന്നിൽ കണ്ടും സ്വയംപര്യാപ്തതയിലൂന്നിയ പുതിയ കാർഷിക സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യം.
ശ്രീജ ഷൈജു ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്