attache

തിരുവനന്തപുരം: എൻ.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്യാനിരിക്ക യു.എ.ഇ കോൺസുലേറ്റിലെ അഡ‌്‌മിനിസ്ട്രേറ്റീവ് അറ്റാഷെ രാജ്യം വിട്ടത് സ്വർണക്കടത്ത് കേസിനെ ദുർബലമാക്കും.

അറ്റാഷെയെ പ്രതി ചേർക്കാനാവില്ലെങ്കിലും മുഖ്യസാക്ഷിയാക്കി കേസ് ബലപ്പെടുത്താൻ കഴിയുമായിരുന്നു. വ്യാജരേഖയുണ്ടാക്കൽ അടക്കമുള്ള അനുബന്ധകേസുകളിലും ഗുണം കിട്ടുമായിരുന്നു. കാർഗോയിലെത്തിയ സ്വർണം തന്റേതല്ലെന്ന് അറ്റാഷെ എഴുതി നൽകിയ മൊഴി മാത്രമാണ് കസ്റ്റംസിന്റെ പക്കലുള്ളത്. അറ്റാഷെയുടെ മൊഴിയെടുക്കാൻ അവസരമൊരുക്കണമെന്ന് യു.എ.ഇയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇയിൽ പത്ത് ലക്ഷം മലയാളികളടക്കം 35ലക്ഷം ഇന്ത്യക്കാരുണ്ടെന്നതിനാൽ കരുതലോടെയാവും നടപടികൾ.

എൻ.ഐ.എ തെരയുന്ന മുഖ്യപ്രതി ഫൈസൽ ഫരീദ് അറ്റാഷെയുടെ പേരിൽ ദുബായിൽ നിന്നയച്ച കാർഗോയിലാണ് സ്വർണമെത്തിയത്. യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നംവും, നയതന്ത്ര ബാഗാണെന്ന സ്റ്റിക്കറും പതിച്ചിരുന്നു. കാർഗോയുടെ എയർവേ ബില്ലിൽ ഡിപ്ലോമാ​റ്റ് ബാഗേജെന്ന് രേഖപ്പെടുത്തുകയും ചെയ്തു. അറ്റാഷെയുടെ ഒപ്പുള്ള കത്തുമായാണ് സരിത്ത് വിമാനത്താവളത്തിലെത്തിയത്. കാർഗോ കസ്റ്റംസ് തടഞ്ഞുവച്ചതോടെ അറ്റാഷെ നേരിട്ടെത്തി. കാർഗോ വിട്ടുകിട്ടാത്തതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വാഗ്വാദത്തിലേർപ്പെട്ട അറ്റാഷെ, ഇത് ദുബായിലേക്ക് തിരിച്ചയപ്പിക്കാനും ശ്രമിച്ചു. നയതന്ത്ര പരിരക്ഷയെക്കുറിച്ചും മുന്നറിയിപ്പ് നൽകി. കാർഗോ ദുബായിൽ നിന്നെത്തിയ ദിവസം മുതൽ സ്വപ്നയും സരിത്തുമായുമുള്ള തുടർച്ചയായ ഫോൺവിളികളും വിരൽചൂണ്ടുന്നത് അറ്റാഷെയ്ക്ക് സ്വർണക്കടത്തിലെ പങ്കിലേക്കാണ്.

യു.എ.ഇയുടെ ഔദ്യോഗികരേഖകൾ വ്യാജമായുണ്ടാക്കിയും, അറ്റാഷെയെ കരുവാക്കിയുമായിരുന്നു സ്വർണക്കടത്തെന്ന നിഗമനത്തിലായിരുന്നു കസ്റ്റംസ്. യു.എ.ഇയുടെ അനുമതിയോടെ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തിയാൽ അത് തെളിവായി മാറുമായിരുന്നു. നയതന്ത്രപരിരക്ഷയുള്ള അറ്റാഷെയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതിനാൽ ഇത് സാക്ഷിമൊഴിയായി പരിഗണിക്കാനും കഴിയുമായിരുന്നു. ഏഴുതവണ സമാന രീതിയിൽ സ്വർണക്കടത്ത് നടത്തിയെന്ന് സരിത്ത് മൊഴിനൽകിയിരുന്നു. സ്വർണം കണ്ടെടുക്കാനാവാത്ത സാഹചര്യത്തിൽ ആ കേസുകളിലും അറ്റാഷെയുടെ മൊഴി നിർണായകമാവുമായിരുന്നു.

സ്വർണക്കടത്തിനെക്കുറിച്ച് ന്യൂഡൽഹിയിലെ യു.എ.ഇ എംബസി അന്വേഷിക്കുന്നുണ്ട്. യു.എ.ഇയുടെ അന്തസ് നഷ്ടമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് മുഖ്യമായും അന്വേഷണം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും കോൺസുലേറ്റിനെ പ്രതികൾ ദുരുപയോഗം ചെയ്തെന്നുമാണ് സ്ഥാനപതി ഡോ.അഹമ്മദ് അൽ-ബന്ന പറയുന്നത്.

കേസ് ദുർബലമാവുന്നത്

* അറ്റാഷെയ്ക്ക് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാജ്യം വിട്ടെന്നും പ്രതികൾക്ക് വാദിക്കാം

*അറ്റാഷെയുടെ നിർദ്ദേശപ്രകാരമാണ് കസ്റ്റംസ് അസി.കമ്മിഷണറെ വിളിച്ചതെന്ന സ്വപ്‌നയുടെ മുൻകൂർജാമ്യഹർജി

*കാർഗോ ക്ലിയറൻസിന് കസ്റ്റംസിനു മുന്നിൽ ഹാജരാക്കിയത് അറ്റാഷെയുടെ യഥാർത്ഥ കത്താണെന്നും, അറ്റാഷെയ്ക്കു വേണ്ടി നേരത്തേ കാർഗോ ഏറ്റുവാങ്ങിയതും പണമടച്ചതും താനാണെന്നും സരിത്തിന് വാദിക്കാം.

*അറ്റാഷെയുടെ ആവശ്യപ്രകാരമാണ് താൻ ദുബായിൽ നിന്ന് സ്വർണമയച്ചതെന്ന് ഫൈസൽ ഫരീദിനും വാദിക്കാം

*അറ്റാഷെയുടെ അറിവോടെയുള്ള സ്വർണക്കടത്തിൽ അദ്ദേഹത്തെ പ്രതിയാക്കാത്തതെന്തെന്ന് മറ്റു പ്രതികൾക്ക് ചോദിക്കാം

അറ്റാഷെയെ ചോദ്യം

ചെയ്യാൻ കിട്ടില്ല

അറ്റാഷെയെ ചോദ്യംചെയ്യാനുള്ള അനുമതി യു.എ.ഇ നൽകാനിടയില്ല. ചോദ്യാവലി അയച്ചുകൊടുത്താൽ മറുപടി ലഭ്യമാക്കിയേക്കും. പക്ഷേ കോടതിയിൽ തെളിവാകില്ല. പ്രതികളുടെ പങ്കാളിത്തമടക്കമുള്ള വിവരങ്ങൾ യു.എ.ഇ ശേഖരിച്ച് ഇന്ത്യൻ എംബസിക്ക് കൈമാറാം.കുറ്റവാളികളെ കൈമാറാനടക്കം യു.എ.ഇയുമായി കരാറുണ്ട്. അന്വേഷണത്തിൽ യു.എ.ഇ സർക്കാർ പങ്കാളിയാവാം..തെളിവുകൾ കൈമാറാം