alia

സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചതോടെ വിദ്വേഷ പരാമർശങ്ങളും സന്ദേശങ്ങളുമാണ് നടി ആലിയ ഭട്ടിനെതിരെ ഉയരുന്നത്. ആലിയയ്ക്കും തങ്ങൾക്കും ലഭിക്കുന്ന വിദ്വേഷ സന്ദേശങ്ങൾ പങ്കുവച്ച് ആലിയയുടെ അമ്മ സോണി റസ്ദാനും സഹോദരി ഷഹീനും തങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ആലിയയുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ആലിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. "നിശ്ശബ്ദത നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വളരെയധികം സംസാരിക്കുന്നു" എന്നാണ് ആലിയ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 'കൊടുങ്കാറ്റിലും ശാന്തത' എന്ന ക്യാപ്ഷനോടെ ആലിയ തന്റെ ചിത്രം പങ്കുവച്ചിരുന്നു. നേരത്തെ ഇൻസ്റ്റഗ്രാമിൽ താരം കമന്റ് സെക്ഷൻ ഓഫ് ചെയ്തിരുന്നു. വിമർശന കമന്റുകളാണ് ഈ ചിത്രത്തിനും ലഭിച്ചത്. ആലിയയെ അൺഫോളോ ചെയ്യാൻ ആവശ്യപ്പെട്ട കമന്റുകളാണ് ഏറെയും. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടർന്നാണ് ബോളിവുഡിൽ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്. കോഫി വിത്ത് കരണിൽ എത്തിയപ്പോൾ സുശാന്തിനെ അറിയില്ലെന്ന് ആലിയ പറഞ്ഞിരുന്നു. താരത്തിന്റെ മരണത്തോടെ ഈ വീഡിയോ വൈറലാവുകയും ആലിയക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.