തിരുവനന്തപുരം: ബാറുകൾ വിറ്റുവരവ് നികുതിയിൽ വരുത്തിയ കുടിശികയ്ക്ക് ഇളവുകൾ നൽകുന്ന ആംനസ്റ്രി (സമാശ്വാസ പദ്ധതി) ഈ വർഷം മാർച്ചുവരെ ബാധകമാക്കാൻ നീക്കം. കഴിഞ്ഞ ബഡ്ജറ്രിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 2005-06 വരെയുള്ള കുടിശികയ്ക്ക് മാത്രമാണ് ഇത് അനുവദിച്ചത്. ഇക്കഴിഞ്ഞ ബഡ്ജറ്രിൽ അത് തുടരാൻ തീരുമാനിച്ചിരുന്നു. ഈ 27ന് ധനകാര്യ ബിൽ പാസാക്കാൻ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സ്കീം 2019-20 വരെ ബാധകമാക്കാനാണ് നീക്കം. ധനകാര്യ ബില്ലിൽ ഇതിനനുസരിച്ച മാറ്രം വരുത്തും.
മദ്യവും പെട്രോളുമാണ് ജി.എസ്.ടിയിൽ ഉൾപ്പെടാതെ കെ.ജി.എസ്.ടിയിൽ തുടരുന്നത്. 2005ൽ വാറ്ര് നികുതി വന്നതുകൊണ്ടാണ് 2005-06 വരെ ആംനസ്റ്രി അനുവദിച്ചിരുന്നത്
സർക്കാർ നയത്തിന്റെ ഭാഗമായി 2014-15ൽ പൂട്ടുകയും പിന്നീട് ലൈസൻസ് ലഭിക്കുകയും ചെയ്ത ബാർ ഹോട്ടലുകൾക്ക് സോഫ്റ്ര് വെയറിലെ പ്രശ്നങ്ങൾ മൂലം കൃത്യമായി റിട്ടേണുകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ അവരുടെ നികുതിയിലെ പിഴ ഒഴിവാക്കുകയും പലിശ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. ഒരു മാസം ഒരു ശതമാനം വച്ചാണ് പലിശ നൽകേണ്ടിയിരുന്നത്. ബിവറേജസിൽ നിന്ന് വാങ്ങിയതിന്റെ 160 ശതമാനം കണക്കാക്കിയാണ് വില്പന വില നിശ്ചയിച്ചിരുന്നത്. അതിന്റെ പത്ത് ശതമാനമാണ് വിറ്രുവരവ് നികുതി.ധനകാര്യ ബില്ലിൽ സാങ്കേതിക പിഴവെന്ന് വ്യക്തമായി പറയാത്തതിനാൽ റിട്ടേണുകൾ നൽകാത്ത എല്ലാ ബാറുടമകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
കുടിശിക 13000 കോടി
മൊത്തം വ്യാപാരികളുടെ വാറ്ര് നികുതിയായും ബാറുകാരുടെ കെ.ജി.എസ്.ടിയിമായി 13000 കോടി രൂപയാണ് കിട്ടാനുളളത്. റവന്യൂ റിക്കവറി വഴിപോലും 400 കോടി കിട്ടില്ലെന്ന് ബോധ്യമായിട്ടുണ്ട്. വ്യാപാരം മതിയാക്കിയവർ ഉൾപ്പെടെ ജി.എസ്.ടിയിലേക്ക് മാറാത്ത വ്യാപാരികളുടെ കുടിശിക 5000 കോടി വരും.
കോടതിയിലും അപ്പീലിലുമായി 4500 കോടി രൂപ കുരുങ്ങിക്കിടക്കുന്നു.ശേഷിക്കുന്നത് 3100 കോടി രൂപ.