pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ സമൂഹവ്യാപന ഭീതിയിലാണ് ജനങ്ങൾ. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ദിവസേന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരാഴ്ചയിൽ 800 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പലരുടെയും ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇന്നലെ 105 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 100ൽ അധികം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി 1217പേർ ചികിത്സയിലുണ്ട്. ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 73 പേർ ഇന്നലെ രോഗമുക്തരായി. ഇതുവരെ ജില്ലയിൽ 815പേർ രോഗ മുക്തി നേടി. മരണം 17 ആയി. കുളച്ചലിൽ ഇന്നലെ 12 പേർക്ക് കൂടി രോഗം കണ്ടെത്തി. തക്കല പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ താത്കാലികമായി അടച്ചു.ഇതുവരെ ജില്ലയിൽ 5 സ്റ്റേഷനുകളാണ് അടച്ചത്.