projector

തിരുവനന്തപുരം: തൃശൂർ സ്വപ്‌ന തിയേറ്ററിലെ 80 വർഷം പഴക്കമുള്ള പ്രൊജക്ടർ ചലച്ചിത്ര അക്കാഡമി ഏറ്രെടുത്തു. ലോക്ക് ഡൗൺ മൂലം സ്വപ്‌ന തിയേറ്റർ പൂട്ടാൻ തീരുമാനിച്ചപ്പോൾചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ തിയേറ്റർ ഉടമയെ സമീപിച്ച് ചരിത്രമൂല്യമുള്ള പ്രൊജക്ടർ ചലച്ചിത്രഗവേഷണകേന്ദ്രത്തിൽ സൂക്ഷിക്കാൻ നൽകണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് നിലവിലെ തിയേറ്റർ ഉടമയായ മോഹൻ പോൾ, പ്രൊജക്ടർ അക്കാഡമിക്ക് കൈമാറുകയായിരുന്നു. കഴക്കൂട്ടം കിൻഫ്ര പാർക്കിലെ അക്കാഡമിയുടെചലച്ചിത്രഗവേഷണകേന്ദ്രമായ സിഫ്രയിൽ പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജീകരിക്കുമെന്ന് അക്കാഡമി സെക്രട്ടറി സി. അജോയ് അറിയിച്ചു.

81 വർഷം മുമ്പ് രാമവർമ്മ തിയേറ്റർ എന്ന പേരിൽ തുടങ്ങിയ സിനിമാശാലയാണ് സ്വപ്ന തിയേറ്ററായത്. 'നല്ല തങ്ക', 'സ്നാപക യോഹന്നാൻ' തുടങ്ങിയ ആദ്യകാല സിനിമകൾ പ്രദർശിപ്പിച്ചത് സൂപ്പർ സിംപ്ളക്സ് എന്നറിയപ്പെടുന്ന ഈ പ്രൊജക്ടറിലാണ്. വിഖ്യാത ചിത്രമായ 'ദ ഗ്രേറ്റ് ട്രെയിൻ റോബറി'യുടെ സംവിധായകൻ എഡ്വിൻ എസ്. പോർട്ടർ 1909ൽ രൂപകൽപന ചെയ്ത സിംപ്ളക്സ് എന്ന അമേരിക്കൻ പ്രൊജക്ടറിന്റെ പരിഷ്‌കരിച്ച രൂപമായ സൂപ്പർ സിംപ്ളക്സ് 1933ലാണ് ബ്രിട്ടനിലത്തിയത്. തുടർന്ന് ഇന്ത്യയിലെ ആദ്യകാല തിയേറ്ററുകളിൽ ഇത് സ്ഥാപിച്ചു.