photo

നെടുമങ്ങാട് : അപകടത്തിൽ മരിച്ച കുടുംബശ്രീ അംഗത്തിന്റെ നിർമ്മാണത്തിലിരുന്ന വീട് പൂർത്തീകരിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന് തണൽ വിരിക്കുകയാണ് നെടുമങ്ങാട്ടെ വനിതാ കുടുംബശ്രീ കൂട്ടായ്മയും നഗരസഭ ഓഫീസ് ജീവനക്കാരും. നഗരസഭയുടെ കീഴിൽ പരിശീലനം ലഭിച്ച നിർമ്മാണ തൊഴിലാളി സ്ത്രീകളുടെ സംഘം വീട് പണിതുയർത്തിയപ്പോൾ, നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടൈൽ പാകി പെയിന്റിംഗ് നടത്തി വരികയാണ് ജീവനക്കാർ. കഴിഞ്ഞ ജനുവരി 28ന് കല്ലമ്പാറയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖിലയുടെ (37) വീടെന്ന സ്വപ്നമാണ് നഗരസഭയുടെയും കുടുംബശ്രീ അംഗങ്ങളുടെയും ശ്രമഫലമായി പൂവണിഞ്ഞത്. അഖിലയുടെ വിയോഗത്തോടെ ജീവിതത്തിൽ ഒറ്റപ്പെട്ട മകൻ ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂളിലെ വിദ്യാർത്ഥി ശ്രീഹരി ഋഷികേശിനാണ് നഗരസഭ കുടുംബശ്രീയുടെ ഇടപെടൽ കരുതലിന്റെ സമാശ്വാസം സമ്മാനിച്ചത്. ശ്രീഹരിയുടെ അച്ഛൻ ബിജു പത്ത് വർഷം മുമ്പ് രോഗം പിടിപെട്ട് മരിച്ചതാണ്. ലൈഫ് മിഷൻ പ്രകാരം ഭവന നിർമ്മാണത്തിന് അനുവദിച്ച തുകയിൽ രണ്ടു ലക്ഷം രൂപ കൈപ്പറ്റാൻ ബാക്കി നിൽക്കെയാണ് അഖിലയുടെ മടക്കം. സ്വകാര്യ ബുക്ക് ഡിപ്പോയിൽ താത്കാലിക ജീവനക്കാരിയായിരുന്നു. അഖിലയുടെ വിയോഗത്തോടെ പാതിവഴിയിലായ വീടുപണി പൂർത്തിയാക്കാൻ തുക പോരാതെ വന്നപ്പോഴാണ് ജീവനക്കാരും കുടുംബശ്രീ അംഗങ്ങളും രംഗത്തിറങ്ങിയത്. നഗരസഭ ഡ്രൈവറും ആദ്യകാല കൊത്തപ്പണിക്കാരനുമായ ഷാജിയാണ് ടൈൽ പാകിയത്. 'സ്നേഹനിധി' എന്ന പേരിൽ രണ്ടു രൂപ വീതം വീടുകളിൽ നിന്ന് സമാഹരിച്ച് കുടുംബശ്രീ അംഗങ്ങൾ കിണർ കുഴിച്ചു.

 കൂട്ടായ്മ ഒരുങ്ങിയതിങ്ങനെ

നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വാർഡ് കൗൺസിലർ കെ.ജെ.ബിനുവും അഖിലയുടെ മകന്റെ ദുരിതം മുനിസിപ്പൽ കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ് കൂട്ടായ്മയുടെ തുടക്കം. വീട് പൂർത്തിയാക്കാനും മകന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും കൗൺസിൽ തീരുമാനിച്ചു. കെട്ടിടം പണിയിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കാനുള്ള നിർദ്ദേശം ചെയർമാന്റേതായിരുന്നു. മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെ നേതൃത്വത്തിൽ നിർമ്മാണ സാമഗ്രികൾ സമാഹരിച്ചു നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ, ടി.ആർ.സുരേഷ് കുമാർ, ആർ.മധു, സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധുകുമാരി എന്നിവർ മേൽനോട്ടം വഹിച്ചു. പരിശ്രമം യാഥാർത്ഥ്യമായതോടെ അകാലത്തിൽ മരിച്ച 14-ാം വാർഡിലെ അംഗം ദീപ എന്ന ഗുണഭോക്താവിന്റെ നിർദ്ധന കുടുംബത്തിനും വീടു നിർമ്മിച്ചു നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബശ്രീയും നഗരസഭ ജീവനക്കാരും.

ഹൃദയം തുടിക്കുന്നു, കുരുന്നു ജീവനിൽ

അഖിലയുടെ ഹൃദയ വാൽവുകൾ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ള ഒരു കുരുന്നിന്റെ ജീവനു താങ്ങാണിപ്പോൾ. പോസ്റ്റ്‌മോർട്ടത്തിൽ വാൽവുകൾക്ക് തകരാർ സംഭവിച്ചിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ട മെഡിക്കൽ കോളേജ് അധികൃതർ നാട്ടുകാരുടെയും മറ്റും സമ്മതത്തോടെ അവയവദാനം നടത്തിയിരുന്നു. ശ്രീചിത്രയിലെ മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ നീക്കംചെയ്ത വാൽവുകൾ ഹോമോഗ്രാഫ്റ്റ് ബാങ്കിലേക്ക് മാറ്റി. അഖിലയ്ക്ക് ഉചിതമായ സ്മരണയാണ് കുടുംബശ്രീയെയും ജീവനക്കാരെയും നിയോഗിച്ച് നഗരസഭ പൂർത്തിയാക്കിയ സ്വപ്നഭവനം.

'അഖിലയുടെ വീട് പണി പൂർത്തിയാക്കാൻ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും കാട്ടിയ ആത്മാർത്ഥത പ്രശംസനീയമാണ്. ലൈഫ് മിഷൻ രണ്ടായിരം ഗുണഭോക്താക്കളിൽ 1,600 വീടുകളും പൂർത്തിയാക്കി സംസ്ഥാനത്ത് മുന്നിലെത്താൻ നെടുമങ്ങാട് നഗരസഭയെ പ്രാപ്തമാക്കിയത് ഈ കൂട്ടായ്മയാണ്'

ചെറ്റച്ചൽ സഹദേവൻ (ചെയർമാൻ,നെടുമങ്ങാട് നഗരസഭ)