തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പൂർണ്ണ പിന്തുണ രേഖപ്പെടുത്തി.
വിവാദത്തിന്റെ പേരിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനും ഇടതുപക്ഷത്തിനെതിരെ പോർമുഖം തുറക്കാനുമാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുപോലൊരു വിവാദം കൊണ്ട് ഇടതുസർക്കാരിന് തുടർഭരണ സാദ്ധ്യത ഇല്ലാതാകുന്നില്ല. വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ജനങ്ങൾ ഇവർക്കെതിരെ രംഗത്തുവരും.
ശിവശങ്കർ ഐ.എ.എസിനെ സസ്പെൻഡ് ചെയ്തതോടെ വിവാദം അവസാനിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്രചാരവേലയെ പാർട്ടി ഒറ്റക്കെട്ടായി തുറന്നുകാട്ടും. പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതോടെ സർക്കാരിന്റെ ജനപിന്തുണ ഒരിക്കൽകൂടി തെളിയിക്കപ്പെടും. സ്വർണ്ണക്കടത്ത് കേസിനെ അട്ടിമറിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമം. ആരോപണമുന്നയിക്കുന്നവർ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസികൾക്ക് കൈമാറണം. വിവാദത്തിന്റെ പേരിൽ അരാജകസമരം നടത്തി സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയണം. ഇതിനായി ജനങ്ങളെ ബോധവത്കരിക്കാൻ ആഗസ്റ്റ് ആദ്യവാരം പാർട്ടി പ്രാദേശികഘടകങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും. ആഗസ്റ്റ് 16ന് ബ്രാഞ്ച് തല പ്രചരണം നടത്തും.
സ്വർണ്ണക്കടത്ത് കേസിനെ സോളാറുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല. സോളാറിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ആരോപണവിധേയൻ. അന്ന് അതിലുൾപ്പെട്ട സ്ത്രീ പരസ്യമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയാണ് ആരോപണമുന്നയിച്ചത്. സോളാർ ഇടപാടിൽ താൻ പണം നൽകിയത് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് കോൺഗ്രസുകാരനായ ശ്രീധരൻനായർ പരസ്യമായി പറഞ്ഞു. ഇവിടെ അത്തരമൊരു സംഭവമില്ല. മുഖ്യമന്ത്രിക്കെതിരെ ഒരാരോപണവുമില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ ആരോപണമുണ്ടായ ഉടൻ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചയുടൻ സസ്പെൻഡ് ചെയ്തു. ഇത്തരമൊരു പ്രശ്നം വന്നാൽ ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്നതിന് ഉത്തമോദാഹരണമാണിത്. മുഖ്യമന്ത്രിക്കോ സർക്കാരിനോ ആരെയും സംരക്ഷിക്കാൻ ഉദ്ദേശ്യമില്ല. സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുമെന്ന് ബി.ജെ.പിയുടെ ദേശീയനേതാവ് പി.കെ. കൃഷ്ണദാസിന്റെ പരസ്യപ്രഖ്യാപനം ഈ പ്രശ്നം ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇവിടെ എം.എൽ.എമാരെ ചാക്കിടാനാവാത്തതിനാൽ അട്ടിമറിക്കാനാണ് ശ്രമം. അതിന് കോൺഗ്രസിന്റെയും ലീഗിന്റെയും പിന്തുണയുമുണ്ട്.
എല്ലാം കൈവിട്ട് പോകുമെന്നായപ്പോഴാണ് സ്പീക്കർക്കെതിരെ പ്രചാരണവുമായെത്തിയത്. സ്പീക്കറെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു. പ്രതിപക്ഷം സാമാന്യമര്യാദ പാലിച്ചില്ല. കട ഉദ്ഘാടനം ചെയ്തതിന് പ്രതിയുമായി ബന്ധമുണ്ടെന്ന് പറയാനാവില്ല. അങ്ങനെയെങ്കിൽ കഴിഞ്ഞദിവസം പിടികൂടിയ പ്രതിയുടെ കട ലീഗ് നേതാവ് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇതിൽ പങ്കുണ്ടെന്ന് പറഞ്ഞാൽ ശരിയാകുമോ എന്നും കോടിയേരി ചോദിച്ചു.