തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നേരിയ തോതിലും മഴ ലഭിക്കും. ഒരിടത്തും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ല. എന്നാൽ വരുന്ന രണ്ട് ദിവസം കോഴിക്കോട്ടും കണ്ണൂരും ശക്തമായ മഴ ലഭിക്കും.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5മി.മീ വരെ മഴ ലഭിക്കും. കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. അടുത്ത നാല് ആഴ്ചയിൽ സംസ്ഥാനത്ത് 67.1മി.മീ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കണക്കുകൾ ഇങ്ങനെ
ഇന്നലെ വരെ സംസ്ഥാനത്ത് കുറവുള്ള മഴ- 23%
കഴിഞ്ഞ വർഷം ഈ സമയത്ത് കുറഞ്ഞ മഴ- 43%
സംസ്ഥാനത്ത് ഇതുവരെ പെയ്ത മഴ- 823 മി.മി
കൂടുതൽ മഴ ലഭിച്ച ജില്ലകൾ
കണ്ണൂർ- 1519.9 മി.മി
കോഴിക്കോട്- 1675.2
കുറഞ്ഞ മഴ ലഭിച്ച ജില്ലകൾ
ആലപ്പുഴ- 638.8
ഇടുക്കി- 691.2
എറണാകുളം- 761.5
കൊല്ലം- 837.8