തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്‌സ് ഉദ്യോഗസ്ഥനെ ആൾമാറാട്ടം നടത്തി വ്യാജ പീഡനക്കേസിൽ കുടുക്കിയ സ്വപ്‌നാ സുരേഷിനെതിരായ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ക്രൈംബ്രാഞ്ചിനോടാവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ എച്ച്.ആർ വിഭാഗത്തിലായിരുന്നപ്പോഴാണ് ടെക്‌നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി നൽകിയത്. ഈ കേസിൽ രണ്ടുവർഷം മുമ്പ് തെളിവുസഹിതം ക്രൈംബ്രാഞ്ച് സ്വപ്നയെ കുടുക്കിയപ്പോൾ രക്ഷിച്ചത് പൊലീസിലെ ഉന്നതരാണെന്ന് കേരളകൗമുദി കഴിഞ്ഞ 14ന് റിപ്പോർട്ട് ചെയ്തിരുന്നു.
2015 മാർച്ച് 17നാണ് എയർഇന്ത്യ സാറ്റ്സിലെ 17 പെൺകുട്ടികൾ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. തുടർന്ന് എയർ ഇന്ത്യയിലെ ആഭ്യന്തര അച്ചടക്കസമിതി ഉദ്യോഗസ്ഥനെ പുറത്താക്കി. പിന്നീടുണ്ടായ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പെൺകുട്ടികൾ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കണ്ടെത്തി. പരാതിക്ക് പിന്നിൽ സ്വപ്നയാണെന്നും കണ്ടെത്തി. ഈ കേസിന്റെ വിവരങ്ങളാണ് എൻ.ഐ.എ തേടിയത്.
കൊച്ചിയിലെ എൻ.ഐ.എ എസ്.പി. രാഹുൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബി. അനിൽകുമാറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെ എൻ.ഐ.എ ഡിവൈ.എസ്.പി വിജയകുമാറും സംഘവും തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മേയിൽ ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും അച്ഛന്റെ മരണാനന്തര ചടങ്ങുകളുണ്ടെന്ന് പറഞ്ഞ് അവർ ഹാജരായില്ല. ഇതിനുശേഷം സ്വപ്നയെ പിടികൂടാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് കേസുണ്ടായിട്ടും കേസില്ലാരേഖ ഹാജരാക്കി ഐ.ടി വകുപ്പിൽ സ്വപ്ന ജോലിയിൽ പ്രവേശിച്ചതും ദുരൂഹമാണ്. സ്വപ്നയെ രക്ഷിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന വിവരവും എൻ.ഐ.എയ്ക്ക് കിട്ടിയിട്ടുണ്ട്.