kodi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരഴിച്ചുപണിയുടെ ആവശ്യം ഇപ്പോഴില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ നല്ല പ്രവർത്തകൻ തന്നെയാണ്. എം.വി. ജയരാജൻ പ്രൈവറ്റ്സെക്രട്ടറിയായി വരുന്നതിന് മുമ്പ് ആ സ്ഥാനത്ത് എം. ശിവശങ്കർ ആയിരുന്നു. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതിനാൽ ജയരാജന് അങ്ങോട്ട് പോകേണ്ടി വന്നു. അപ്പോൾ പ്രൈവറ്റ്സെക്രട്ടറി സ്ഥാനത്തുണ്ടായ ഒഴിവിലേക്ക് മറ്റൊരുദ്യോഗസ്ഥനെ വച്ചിട്ടുണ്ട്. അതിനാൽ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റേണ്ട പ്രശ്നമുദിക്കുന്നില്ല.

സർക്കാരിന് മേൽ പാർട്ടി നിയന്ത്രണമുണ്ട്

സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടമായിട്ടില്ല. ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല. നയപരമായ കാര്യങ്ങളിലാണ് ഇടപെടുന്നത്. എല്ലാ നയതീരുമാനങ്ങളും പാർട്ടിയിൽ ആലോചിച്ചാണെടുക്കുന്നത്.

പുതിയ അനുഭവം, പാഠമുൾക്കൊള്ളണം

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ബന്ധം പുറത്തുവന്ന സ്ഥിതിക്ക് ഇത്തരം കണ്ടെത്തലുകൾ സർക്കാരിന് പുതിയ അനുഭവമാണ്. ഇതിലെ പാഠം ഉൾക്കൊണ്ട് ജാഗ്രത പുലർത്താൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഇന്റലിജൻസിന്റെ റിപ്പോർട്ടൊന്നും മുഖ്യമന്ത്രിക്ക് നേരത്തേ ലഭിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.