തിരുവനന്തപുരം കഴിഞ്ഞ ദിവസം നടന്ന കീം പരീക്ഷയുടെ ഉത്തര സൂചിക പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ളവർ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 25ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കണം. 25ന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. ഉന്നയിക്കുന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തുക തിരികെ ലഭിക്കും.
പ്ലസ് ടു: സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ അവസരം
തിരുവനന്തപുരം: പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണത്തിന് മുമ്പായി ജനനത്തീയതി, മാതാപിതാക്കളുടെ പേര് എന്നിവയിൽ തിരുത്തൽ ആവശ്യമുള്ളവർ അവ തെളിയിക്കുന്നതിനുള്ള രേഖകളും ഹയർ സെക്കൻഡറി രജിസ്റ്റർ നമ്പറും സഹിതം 24ന് മുമ്പായി scolekerala@gmail.com ൽ അപേക്ഷിക്കണം. ഫോൺ: 0471 2342950, 2342271
പ്ലസ് വൺ അപേക്ഷകർക്ക് എൻ.എസ്.എസിന്റെ 'പ്ലസ് ടു ഫസ്റ്റ് സ്റ്റെപ്'
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹായം.
24 മുതൽ എൻ.എസ്.എസ് യൂണിറ്റുകളുള്ള സ്കൂളുകളിൽ ഈ സേവനം ലഭിക്കും. പത്താം ക്ലാസ് വിജയിച്ചവർക്കു സ്കൂളിൽ എത്തേണ്ട സമയം മുൻകൂട്ടി നിശ്ചയിച്ചു നൽകും. എൻ.എസ്.എസ് യൂണിറ്റുകൾ ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത സ്കൂളുകളിൽ സൗകര്യമൊരുക്കും.
കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനം
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ 2020-21 വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 20ന് രാവിലെ 10ന് ആരംഭിക്കും. ആഗസ്റ്റ് ഏഴിന് വൈകിട്ട് ഏഴ് വരെ അപേക്ഷിക്കാം. രണ്ടാം ക്ലാസ് മുതലുള്ള ക്ലാസുകളിലെ ഒഴിവുകളിലേക്ക് 20 മുതൽ 25 വരെ അപേക്ഷിക്കാം. നേരിട്ട് സ്കൂളിൽപോകാതെ ഫോം പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ മെയിൽ വഴി അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് https://kvsonlineadmission.co.in
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പൂജപ്പുരയിലെ എൽ.ബി.എസ്. വനിതാ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ ക്വോട്ടയിലേക്ക് ഒാൺലൈനായി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.lbt.ac.in
കൃഷിവകുപ്പിൽ പരിശീലനം
തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ - പരിശീലന പരിപാടി നടത്തും. കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമക്കാർ, വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ , മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ് ഡിപ്ലോമയുള്ളവർ, കോഴ്സ് പഠിക്കുന്നവർ എന്നിവർക്കെല്ലാം പങ്കെടുക്കാം.
ആറുമാസത്തെ പരിശീലനകാലം പൂർത്തിയാക്കുമ്പോൾ കൃഷി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും . നേരിട്ടോ internshipdirectorate@gmail. com എന്ന ഈ മെയിൽ വിലാസത്തിലോ സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകളും, തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും സഹിതം 31നകം അപേക്ഷിക്കണം.