തിരുവനന്തപുരം: ശ്രീചത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയ്ക്കെത്തിയ രണ്ടു രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചവർക്കാണ് പോസിറ്റീവായത്. ഇവരുമായി സമ്പർക്കം പുലർത്തിയ എട്ടു ഡോക്ടർമാരടക്കം 21 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് രോഗികളെയും സർക്കാരിന്റെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ മറ്റ് നടപടികൾ സ്വീകരിച്ചതായും ശ്രീചിത്ര ആശുപത്രി അധികൃതർ അറിയിച്ചു. ആർ.സി.സിയിലും കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര ചികിത്സകൾ മാത്രമായിരിക്കും നാളെ മുതൽ നടത്തുക.കീമോ തെറാപ്പി,റേഡിയേഷൻ തുടങ്ങിയവയെല്ലാം നിറുത്തിവയ്ക്കാനാണ് തീരുമാനം. ആശുപത്രിയിലെ രണ്ട് ശുചീകരണത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരുന്നവർക്കും കൊവിഡ് സ്ഥിരീകരിച്ചതായി സൂചന. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിൽ നിന്നയാൾക്കാണ് രോഗം വന്നത്. പനി പോലുളള രോഗ ലക്ഷണങ്ങളുണ്ടായിട്ടും തങ്ങൾ നിർബന്ധിച്ചിട്ടാണ് അധികൃതർ കൊവിഡ് പരിശോധനയ്ക്ക് തയ്യാറായതെന്ന് രോഗം സ്ഥിരീകരിച്ചവർ പറഞ്ഞു. അതേസമയം കൂട്ടിരിപ്പുകാർക്ക് രോഗമുണ്ടായത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ആലോചിക്കുമെന്നുമാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. മെഡിക്കൽ കോളേജിലെ ശുചിമുറി ഉപയോഗിച്ചതിലൂടെയാകാം രോഗപ്പകർച്ചയെന്ന് പഞ്ചായത്തുതല അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച ശസ്ത്രക്രിയാവാർഡ് അടച്ചിരുന്നു. കൂട്ടിരിപ്പിന് വരുന്നവരിൽ പലരും നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർക്ക് പരാതിയുണ്ട്. രോഗികളെ കാണാൻ വന്നവരിൽ നിന്നാണ് വാർഡിൽ രോഗബാധ ഉണ്ടായതെന്നാണ് നിഗമനം.