തിരുവനന്തപുരം: കേരളാ പൊലീസിലെ സിവിൽ പൊലീസ് ഓഫീസറും യു.എ.ഇ കോൺസൽ ജനറലിന്റെ ഗൺമാനുമായിരുന്ന ജയഘോഷിനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടു.ഡി.ജി.പിയുടെ നിർദേശ പ്രകാരം പൊലീസ് കാവൽ ഏർപ്പെടുത്തി.
എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷ് മൂന്നുവർഷമായി കോൺസുലേറ്റിൽ ഗൺമാനാണ്.
താൻ തെറ്റു ചെയ്തിട്ടില്ലെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി പുലമ്പുന്നുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ആക്കുളം പാലത്തിന് സമീപം കുഴിവിളയിലെ കുടുംബവീടിനു 150 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്.ആശുപത്രിയിലേക്ക് കൊണ്ടുപോകവേ, ഞരമ്പ് മുറിച്ച ബ്ലേഡ് വിഴുങ്ങിയെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ അന്വേഷണം മുറുകിയ പശ്ചാത്തലത്തിൽ കോൺസലേറ്റ് ജനറലിന്റെ ചുമതലയുണ്ടായിരുന്ന അറ്റാഷെ റാഷിദ് ഖമീസ് രാജ്യം വിട്ടതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രിയോടെ ജയഘോഷിനെ കാണാതായത്.
പൊലീസും ഡോഗ് സ്ക്വാഡും പ്രദേശമാകെ അരിച്ചുപെറുക്കി. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വീടിന് സമീപത്ത് കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ ഉച്ചയോടെ ബൈക്കിൽ പോവുകയായിരുന്ന പ്രദേശവാസിയായ ബെന്നിയാണ് കുറ്റിക്കാട്ടിൽ നിന്ന് ഒരാൾ പുറത്തേക്ക് മറിഞ്ഞുവീഴുന്നത് കണ്ടത്.
രാവിലെ പൊലീസ് നായ മണം പിടിച്ച് വീടിനു പുറകിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് പോയത്. അതിനുതാഴെ ആക്കുളം കായലാണ്. കായലിന്റെ ഭാഗത്തുകൂടി കുറ്റിക്കാട്ടിലേക്കു വന്നതാണെന്നു കരുതുന്നു.
ദുരൂഹത
#ജയഘോഷിന്റെ ജീവന് ഭീഷണിയെന്ന് ഭാര്യയുടെ മൊഴി
# ഫോണിലേക്ക് അവസാനം വിളിച്ചത് എയർപോർട്ടിൽ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ നാഗരാജ്.
# കോൺസുലേറ്റിലെത്തും മുൻപ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ബ്യൂറോയിലായിരുന്നു ജയഘോഷ്.
# നാഗരാജിനെ ചോദ്യം ചെയ്ത് വിട്ടയച്ച് അരമണിക്കൂറിനകം വീടിന് 150 മീറ്റർ അകലെ കുറ്റിക്കാട്ടിൽ നിന്നു കൈയിലെ ഞരമ്പ് മുറിച്ച് ജയഘോഷ് റോഡിലേക്ക് അവശനായി ചാടി