കുളത്തൂർ: യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനായിരുന്ന ജയഘോഷ് ഒളിച്ചിരുന്ന കുഴിവിളയിലെ കുറ്റിക്കാട്ടിൽ പരിശോധനയ്‌ക്കെത്തിയ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുറ്റിക്കാടിന്റെ നടുവിൽ പ്രവർത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ട് ഞെട്ടി. കുഴിവിള ഗവ.യു.പി സ്‌കൂളിനോട് ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ എട്ട് ഏക്കർ സ്ഥലത്തിന്റെ നടുവിലായുള്ള കെട്ടിടത്തിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. അഞ്ച് വലിയ വീപ്പകളിലായി ചാരായം വാറ്റാനുള്ള കോടയും മുറിക്കുള്ളിൽ വാറ്റാനുള്ള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗ, ഗ്യാസ് കുറ്റികൾ, കോട തയ്യാറാക്കാനുള്ള വസ്തുക്കൾ എന്നിവയും കണ്ടെത്തി. കെട്ടിടത്തിന് സമീപത്തായി വ്യാജച്ചാരായം ഉണ്ടാക്കാൻ നിരവധി തെങ്ങിൻ പൂക്കുലകളും സൂക്ഷിച്ചിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഈ മേഖലയിൽ വൻതോതിൽ വ്യാജ ചാരായ വില്പന നടന്നിട്ടും എക്സൈസും പൊലീസും ഫലപ്രദമായി അന്വേഷണം നടത്തിയില്ലെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു. കുഴിവിള സ്‌കൂളിന് സമീപം രാത്രികാലങ്ങളിൽ വാഹനത്തിൽ ചാരായം കടത്തുന്നതായി എക്സൈസിനെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരാതി.