cpm

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കം സർക്കാരിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. സർക്കാരിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയിൽ ചെറിയ മാറ്റമുണ്ടാക്കാൻ പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തിയ പ്രചാരണങ്ങൾ വഴിയൊരുക്കിയതായി യോഗം വിലയിരുത്തി.

പാർട്ടി മുഖപത്രവും ചാനലുമൊഴിച്ചെല്ലാ മാദ്ധ്യമങ്ങളും സർക്കാരിനെ കൂട്ടത്തോടെ ആക്രമിച്ചു .ജനങ്ങളിൽ തൽക്കാലത്തേക്കെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാൻ ഇത്തരം പ്രചാരണങ്ങൾ വഴിവച്ചു. ഒരുദ്യോഗസ്ഥൻ വരുത്തിവച്ച തെറ്റ് സർക്കാരിന് ബാദ്ധ്യതയായി. എന്നാൽ , മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുകയും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ ഒരു പരിധി വരെ വിശ്വാസ്യത വീണ്ടെടുക്കാനായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശക്തമാവുകയും സർക്കാർ സുതാര്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമ്പോൾ കാര്യങ്ങൾ മാറും. ഇതൊരു അനുഭവപാഠമായി ഉൾക്കൊണ്ട്, ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ രാഷ്ട്രീയ നേതൃത്വത്തിന്റെ ജാഗ്രത വേണം. മന്ത്രിമാരും മറ്റുംഇനി കൂടുതൽ ശ്രദ്ധയോടെ നീങ്ങണമെന്ന നിർദ്ദേശവും യോഗം അംഗീകരിച്ചു.

കാര്യങ്ങൾ നന്നായി നിർവ്വഹിച്ചിരുന്ന ഒരുദ്യോഗസ്ഥനെ വിശ്വസിച്ച് പോയിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നറിയുന്നു. ശിവശങ്കറിനെതിരായ ചീഫ്സെക്രട്ടറി സമിതിയുടെ അന്വേഷണറിപ്പോർട്ടിലെ കണ്ടെത്തലുകളും മുഖ്യമന്ത്രി അവതരിപ്പിച്ചു. .