തിരുവനന്തപുരം : ഇന്ത്യയിലാദ്യമായി കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലും കൊവിഡ് അതിതീവ്ര ഘട്ടമായ സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ ലോക്ക് ഡൗൺ നടപ്പാക്കാനുള്ള ഉത്തരവ് ഇന്നിറങ്ങും.
കോർപറേഷൻ മേഖലയിലെ പൂന്തുറയിലും, കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിലും രോഗം അതീവരൂക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്നലെ സം സ്ഥാനത്ത് 791പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 532 പേർക്കും സമ്പർക്കത്തിലൂടെയാണ്. ഒരു മരണവുമുണ്ട്. 15 ന് തൃശൂരിൽ മരിച്ച ഷൈജുവിന്റെ (46) സാമ്പിൾഫലം വന്നപ്പോഴാണ് കൊവിഡാണെന്ന് അറിഞ്ഞത്.
കൊവിഡ് രാജ്യത്ത് ഏറ്റവും രൂക്ഷമായ ഡൽഹിയും മഹാരാഷ്ട്രയും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയവും സമൂഹവ്യാപനം ഇനിയും അംഗീകരിച്ചിട്ടില്ല.
ജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കി രോഗവ്യാപനം ചെറുക്കാമെന്ന വിലയിരുത്തലിലാണ് ,ആരോഗ്യവിദഗ്്ദ്ധരുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന്റെ പ്രഖ്യാപനം. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ പരിശോധിച്ച പകുതിയിലേറെപ്പേർക്കും പോസിറ്റീവായി. പുല്ലുവിളയിൽ 97 സാമ്പിളുകളിൽ 51 എണ്ണവും, പൂന്തുറയിൽ 50 സാമ്പിളുകളിൽ 26 എണ്ണവും പുതുക്കുറിച്ചിയിൽ 75 സാമ്പിളുകളിൽ 20 എണ്ണവും അഞ്ചുതെങ്ങിൽ 83 സാമ്പിളുകളിൽ 15 എണ്ണവും പോസിറ്റീവായി.
മൂന്ന്സോണുകളായി
ലോക്ക് ഡൗൺ
തീരമേഖലയെ മൂന്ന് സോണുകളായി തിരിച്ചായിരിക്കും ലോക്ക് ഡൗൺ.ഒന്ന് - അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെ.രണ്ട് - പെരുമാതുറ മുതൽ വിഴിഞ്ഞം വരെ. മൂന്ന് - വിഴിഞ്ഞം മുതൽ ഊരമ്പ് വരെ.
സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയാണ് ലോക്ക് ഡൗണിൻെറ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെ ട്രാഫിക് സൗത്ത് എസ്.പി ..ബി.കൃഷ്ണകുമാറിന്റെയും, വേളി മുതൽ വിഴിഞ്ഞം വരെ വിജിലൻസ് എസ്.പി കെ.ഇ.ബൈജുവിന്റെയും, കാഞ്ഞിരംകുളം മുതൽ പൊഴിയൂർ വരെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കെ.എൽ.ജോൺകുട്ടിയുടെയും നിയന്ത്രണത്തിലായിരിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മറ്റ് ഇളവുകളില്ല.
അടിയന്തരഘട്ടങ്ങളിൽ ഇടപെടാൻ സോണുകളിൽ ഓരോന്നിലും രണ്ട് മുതിർന്ന ഐ.എ.എസ് ഓഫീസർമാരെ ഇൻസിഡൻറ് കമാൻഡർമാരായി നിയമിച്ചു. സോൺ ഒന്നിൽ ഹരികിഷോർ, യു.വി. ജോസ്. സോൺ രണ്ടിൽ എം.ജി. രാജമാണിക്യം, ബാലകിരൺ. സോൺ മൂന്നിൽ വെങ്കിടേശപതി, ബിജു പ്രഭാകർ. ആവശ്യം വന്നാൽ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരുടെയും സേവനം വിനിയോഗിക്കും.
സമൂഹവ്യാപനം
*രോഗബാധിതരിൽ പകുതിയിലേറെയും ഉറവിടമറിയാത്തവർ.
*പൊതുഇടങ്ങളെല്ലാം വൈറസിന്റെ വ്യാപനകേന്ദ്രങ്ങൾ
സൂചനകൾ
*.ഉറവിടം കണ്ടെത്താനാവാത്ത വിധം രോഗബാധയിൽ വർദ്ധന.
*. രോഗബാധിതരിലേറെയും. യാത്രാചരിത്രമില്ലാത്തവരും രോഗികളുമായി ബന്ധമില്ലാത്തവരും
*.മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിലും കോവിഡ് സ്ഥിരീകരിക്കാം.
'തിരുവനന്തപുരത്തെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യം നേരിടുകയാണ്. ജീവന്റെ വിലയുള്ള ജാഗ്രതയാണ് അനിവാര്യം'.
-മുഖ്യമന്ത്രി പിണറായി വിജയൻ