തിരുവനന്തപുരം:ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സർവീസ് നടത്തുന്ന പൊതുഗതാഗത വാഹനങ്ങളായ ആട്ടോറിക്ഷ,ടാക്സി കാറുകൾ,കോൺട്രാക്ട് ക്യാരിയേജ് ബസുകൾ എന്നിവയിൽ യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തുന്ന ഡയറി ഡ്രൈവർമാർ നിർബന്ധമായും സൂക്ഷിക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ.പത്മകുമാർ അറിയിച്ചു. ടാക്സി കാറുകളിൽ മുൻ സീറ്റിൽ യാത്ര അനുവദിക്കില്ല. ഡ്രൈവർ ഇരിക്കുന്ന ഭാഗവും യാത്രക്കാരുടെ ഭാഗത്തിന്റെയും മദ്ധ്യേ അക്രിലിക്ക് ഷീറ്റ് കൊണ്ട് നിർബന്ധമായും വേർതിരിക്കണം. വാഹനങ്ങളിൽ നിർബന്ധമായി ഹാന്റ് സാനിറ്റൈസർ ഉണ്ടാകണം. മാസ്ക് നിർബന്ധമായി യാത്രക്കാരും ഡ്രൈവർമാരും ധരിക്കണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. അതിർത്തി ചെക്ക് പോസ്റ്റിലും കർശന പരിശോധന തുടരും. ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.