jaya

തിരുവനന്തപുരം: കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ സ്വർണക്കടത്ത് കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന.

ജൂൺ, ജൂലായ് മാസങ്ങളിൽ സരിത്തും സ്വപ്നയും നിരവധി തവണ ജയഘോഷിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് തടഞ്ഞുവച്ചതോടെ സ്വപ്ന നിരവധി തവണ ജയഘോഷിനെ വിളിച്ചിരുന്നു. ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരമെന്നാണ് കസ്റ്റംസ് പറയുന്നത്.

കോൺസുലേറ്റിൽ ഗൺമാൻ ആകും മുമ്പ് വിമാനത്താവളത്തിലെ ലെയ്സൺ ഓഫീസറായിരുന്ന ജയഘോഷിന് അവിടത്തെ കസ്റ്റംസ്, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടായിരുന്നു. നയതന്ത്ര സ്വർണക്കടത്തിന്റെ വിവരം ജയഘോഷ് ചോർത്തി നൽകിയെന്ന് പ്രതികൾ സംശയിച്ചിരിക്കണം. അറ്റാഷെയും പോയതോടെ തന്നെ കേസിൽ കുടുക്കുമെന്നും എൻ.ഐ.എയും കസ്​റ്റംസും ചോദ്യം ചെയ്യുമെന്നും ഭയം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അറ്റാഷെ മടങ്ങിയ ശേഷം ജയഘോഷ് മാനസികമായി തകർന്ന നിലയിലായിരുന്നു.

മൂന്നു ദിവസം മുൻപ് എ. ആർ ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ രണ്ടുപേർ ബൈക്കിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു. 'നീ എത്രനാൾ പുറത്തിറങ്ങാതെ ഇരിക്കും വെളിയിലിറങ്ങ് കാണിച്ചു തരാം' എന്നായിരുന്നുവത്രേ ഭീഷണി. ജയഘോഷിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തും.

സിവിൽ പൊലീസ് ഓഫീസറായിരുന്ന ജയഘോഷ് ഇന്റലിജൻസ് ബ്യൂറോയുടെ നിയന്ത്രണത്തിലുള്ള ഇമിഗ്രേഷൻ ബ്യൂറോയിൽ ഡെപ്യൂട്ടേഷനിലായിരുന്നെങ്കിലും വിമാനത്താവളത്തിലെ വി.വി. ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. അവിടെ മന്ത്രിമാർ,​ രാഷ്ട്രീയ, സിനിമ, വ്യവസായ പ്രമുഖർ തുടങ്ങിയ വി.വി.ഐ.പികളെ സ്വീകരിക്കുകയും യാത്രാസൗകര്യമൊരുക്കുകയും ക്യൂ നിൽക്കാതെ പാസുകൾ വാങ്ങിനൽകുകയുമായിരുന്നു ദൗത്യം.
എല്ലാവരോടും ആകർഷകമായി ഇടപെട്ടിരുന്ന ജയഘോഷിനെ ഉന്നതങ്ങളിൽ നിന്നുള്ള ശുപാർശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണറാണ് കോൺസുലേറ്റിൽ നിയമിച്ചത്. കോൺസുലേറ്റിലെ ഗൺമാനെ ക്രൈംബ്രാഞ്ച് സി. ഐ.ഡി വഴിയാണ് നിയമിക്കേണ്ടത്. കോൺസുലേറ്റ് ജനറലിന്റേതടക്കമുള്ള യാത്രകളും മറ്റ് വിവരങ്ങളും ഗൺമാൻ ക്രൈംബ്രാഞ്ച് സി.ഐ.ഡിയിൽ അറിയിക്കണമെങ്കിലും അതുണ്ടായില്ലെന്നാണ് വിവരം. മൂന്നുവ‌‌ർഷം കോൺസുൽ ജനറൽ അടക്കമുള്ളവരുടെ വലംകൈയായിരുന്നു ജയഘോഷ്. ലോക്ഡൗണിൽ അ​റ്റാഷെയുടെ വാഹനം തടഞ്ഞപ്പോൾ നയതന്ത്റ ഉദ്യോഗസ്ഥനാണെന്ന് ഫോർട്ട് സ്​റ്റേഷനിൽ അറിയിച്ച് കടത്തിവിടാൻ വഴിയൊരുക്കിയത് ജയഘോഷാണ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ഇയാളുടേത്.

ജയഘോഷിനെ അവസാനം വിളിച്ച നാഗരാജും വിമാനത്താവളത്തിലെ ലെയ്സൺ ഓഫീസറായിരുന്നു. ഡെപ്യൂട്ടേഷൻ കഴിഞ്ഞതോടെ നാഗരാജിനെ കമ്മിഷണറായിരുന്ന എം.ആ‌ർ അജിത്കുമാർ മടക്കിവിളിച്ചപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ. പി. എസ് ഉദ്യോഗസ്ഥൻ വിളിച്ച് മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് സിറ്റി പൊലീസിന്റെ ലെയ്സൺ ഓഫീസറായും നാഗരാജിനെ വിമാനത്താവളത്തിൽ നിയമിച്ചിരുന്നു. മടക്കി വിളിച്ചശേഷം മെഡിക്കൽ അവധിയിലാണ് നാഗരാജ് എന്നാണ് വിവരം.