തിരുവനന്തപുരം: തമിഴ്നാട്ടിലെ പുഗലൂർ നിന്ന് തൃശൂർ മാടക്കത്തറയിലേക്കുള്ള എച്ച്.ഡി.സി ലൈനിന്റെയും സബ് സ്റ്റേഷന്റെയും നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരുന്നതിന് എച്ച്.ഡി.സി സാങ്കേതിക വിദ്യ ഫലപ്രദമാണെന്നു കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻെറ നേതൃത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് സ്പെഷ്യൽ പാക്കേജ് നടപ്പാക്കി നഷ്ടപരിഹാരം ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. 90 ശതമാനം ജോലികളും പൂർത്തിയായി. ഒക്ടോബറിൽ ലൈൻ ചാർജ് ചെയ്യുന്നതോടെ സബ്സ്റ്റേഷൻ പ്രവർത്തന സജ്ജമാകും. 1474 കോടി രൂപ ചെലവുള്ള പദ്ധതിയിലൂടെ 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാൻ കഴിയും. ഈ സർക്കാരിൻെറ കാലത്ത് തുടങ്ങി പൂർത്തിയാക്കുന്ന ബൃഹത് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.