തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് സേന കൈ മെയ് മറന്ന് പ്രവർത്തിക്കുമ്പോൾ പൊലീസ് സംഘടനകളിൽ സ്വാധീനമുള്ള നൂറോളം പേർ ജോലി ചെയ്യാതെ സുഖജീവിതത്തിൽ. സാമൂഹിക വ്യാപനത്തിലേക്ക് മാറിയ തീരമേഖലകളിൽ ജീവൻ പണയംവച്ച് സേനാംഗങ്ങൾ പ്രതിരോധമൊരുക്കുമ്പോഴാണ് പിടിപാടുള്ളവർ കൈയൂക്ക് കാട്ടുന്നത്. സംഘടനാ പ്രവർത്തനത്തിന്റെ പേരുപറഞ്ഞ് ചിലർ ഡ്യൂട്ടിചെയ്യില്ല. ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ഡ്യൂട്ടി, സ്റ്റോർ ഡ്യൂട്ടി എന്നിങ്ങനെ പലപേരിൽ രേഖകളുണ്ടാക്കി ഡ്യൂട്ടിയെടുക്കാതെ മുങ്ങുന്നവർ നിരവധിയാണ്. ശംഖുംമുഖം അസി. കമ്മിഷണർ ഐശ്വര്യ ദോംഗ്രേ മാത്രമാണ് സംഘടനാ നേതാക്കളുടെ മുങ്ങിനടപ്പ് അനുവദിക്കാത്തത്. വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങി മറ്റ് വിഭാഗങ്ങളിലുള്ള പൊലീസുകാരെപ്പോലും കൊവിഡ് പ്രതിരോധത്തിന് നിയോഗിച്ചിരിക്കുമ്പോഴാണ് ഈ കള്ളക്കളി. നന്ദാവനം എ.ആർ ക്യാമ്പിലാണ് ഏറ്റവുമധികം പൊലീസുകാർ ഡ്യൂട്ടിയെടുക്കാതെ കഴിയുന്നത്. തീവ്രബാധിത പ്രദേശങ്ങളിലെ ഡ്യൂട്ടിക്ക് ഇവിടെ നിന്നാണ് പൊലീസിനെ അയയ്ക്കുന്നത്. ക്യാമ്പിലെ കൺസ്യൂമർ സ്റ്രോറിൽ 10 പൊലീസുകാരുണ്ട്. സ്റ്റോറിലെ സ്റ്റാഫ് എന്ന പേരിലാണ് ഇവർ അവിടെ പതുങ്ങിയിരിക്കുന്നത്. കൊവിഡ് വ്യാപനം കാരണം പത്തുദിവസമായി സ്റ്രോ‌ർ അടച്ചിട്ടിരിക്കുകയാണെങ്കിലും ഇവരാരും മറ്റ് ഡ്യൂട്ടികൾ ചെയ്യാറില്ല. ക്യാമ്പിലെ 1200 പൊലീസുകാർക്ക് ഡ്യൂട്ടി നിർദ്ദേശിക്കാനുള്ള ചുമതലയിൽ പത്തുപേരുണ്ട്. നേരത്തേ മൂന്നോ നാലോ പേർ ചെയ്‌തിരുന്ന ഡ്യൂട്ടിയാണിത്. ഒരുദിവസം ഈ ഡ്യൂട്ടിയെടുത്താൽ മൂന്നുദിവസത്തേക്ക് ഡ്യൂട്ടി ചെയ്യേണ്ടെന്ന ഗുണവുമുണ്ട്. സംഘടനയുടെ പേരുപറഞ്ഞ് അമ്പതോളം പേരാണ് ഡ്യൂട്ടിയെടുക്കാതെ മുങ്ങിനടക്കുന്നത്. ഡ്യൂട്ടികാര്യങ്ങളുടെ മേൽനോട്ടത്തിന് എ.ആർ ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരില്ലെന്നതാണ് ഇവർ മുതലെടുക്കുന്നത്. നാലുമാസമായി കമൻഡാന്റില്ല. അസി.കമൻഡാന്റ് കഴിഞ്ഞ മേയിൽ വിരമിച്ചു. ആറ് ഉദ്യോഗസ്ഥർക്ക് അസി കമൻഡാന്റുമാരായി സ്ഥാനക്കയറ്റം നൽകിയിട്ടും ഒരാളെ നന്ദാവനത്ത് നിയമിച്ചില്ല. അഞ്ച് അസി. കമൻഡാന്റ് തസ്‌തികയുള്ള ക്യാമ്പിൽ നിലവിൽ ഒരാൾ പോലുമില്ല. റിസർവ് ഇൻസ്‌പെക്ടറുടെ ഏഴ് തസ്‌തികയും കാലിയാണ്. കമൻഡാന്റ് ചുമതല എസ്.പി റാങ്കിലെ ഉദ്യോസ്ഥനോ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർക്കോ നൽകേണ്ടതിന് പകരം അസി. കമ്മിഷണർക്കാണ് നൽകിയിട്ടുള്ളത്. അസി. കമൻഡാന്റിന്റെ ചുമതല ഡിവൈ.എസ്.പിക്ക് പകരം കൺട്രോൾ റൂം സി.ഐക്ക് നൽകി. ഇവർക്ക് കൃത്യമായ ഡ്യൂട്ടിചെയ്യാൻ പൊലീസുകാരെ നിർബന്ധിക്കാനുമാവുന്നില്ല.

പരാതികൾ വ്യാപകം

 നിരന്തരം കൊവിഡ് തീവ്രബാധിത മേഖലയിലാണ് ഒരുവിഭാഗത്തിന്

ഡ്യൂട്ടി നൽകുന്നതെന്നാണ് ആക്ഷേപം

 കൊവിഡ് കാരണം പ്രതികളെ കോടതിയിലെത്തിക്കുന്ന എസ്കോർട്ട്

ഡ്യൂട്ടിയില്ലെങ്കിലും ഇതിന്റെ ചുമതലയുള്ളവർക്ക് പകരം ഡ്യൂട്ടി നൽകുന്നില്ല

 മുമ്പ് പ്രതികളെ കോടതിയിലെത്തിച്ചിരുന്നവർ ഉച്ചയ്ക്ക് ശേഷം ക്യാമ്പിലെ

ഡ്യൂട്ടി ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങനെയൊരു സംവിധാനമില്ല.

 പ്രമുഖനായ ഒരു യൂണിറ്റ് ഭാരവാഹിക്ക് ക്ലബിൽ ചീട്ടുകളിയും

നേതാവിനെ വീട്ടിൽ കൊണ്ടാക്കലുമാണ് ഡ്യൂട്ടിയെന്നാണ് ആക്ഷേപം