തിരുവനന്തപുരം: തലസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ആദ്യ ബെൽ മുഴങ്ങിയത് ജൂൺ 19ന് ഐരാണിമുട്ടത്തെ ആട്ടോ ഡ്രൈവറായ സീരിയൽ നടനിൽ നിന്നായിരുന്നു. ഉറവിടം അറിയാതെയാണ് അദ്ദേഹത്തിന് രോഗമുണ്ടായത്. പിന്നീട് ഇയാളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രോഗം പടർന്നു. അതൊരു സൂചനയായി കണ്ട് ജില്ലയിലൊട്ടാകെ കർശന നടപടികളെടുക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഇപ്പോൾ സമൂഹവ്യാപനത്തിൽ എത്തിച്ചിരിക്കുന്നത്.
ആട്ടോഡ്രൈവറിൽ നിന്നും രോഗം പടർന്നപ്പോൾ നഗരസഭയിലെ നാലുവാർഡുകൾ പൂട്ടിയിട്ടു. എന്നാൽ പൂന്തുറയിൽ മത്സ്യമൊത്ത വ്യാപാരിക്കും വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിനെത്തിയെ പുല്ലുവിള സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ടു കിട്ടുന്നതുവരെ സർക്കാർ ഇളവുകൾ അനുവദിച്ചതാണ് തിരിച്ചടിയായത്. തുടർന്നാണ് നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അപ്പോഴേക്കും പൂന്തുറയിൽ നിന്നും പിന്നീട് വിഴിഞ്ഞത്തു നിന്നുമെല്ലാം കൊവിഡ് പൊട്ടിത്തെറി ഉണ്ടായിക്കഴിഞ്ഞിരുന്നു. പിന്നീട് പുല്ലുവിള,​ അഞ്ചുതെങ്ങ്,​ പെരുമാതുറ എന്നിവിടങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആലസ്യത്തിൽ നിന്നുണർന്ന് പൂന്തുറയും പുല്ലുവിളയും ഉൾപ്പെടെയുള്ള തീരദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ട നിലയിലെത്തിയിരുന്നു. മുഖത്തൊരു മാസ്‌കുണ്ടെങ്കിൽ കൊവിഡ് പേടിച്ചുപോകുമെന്ന ഭാവത്തിൽ ജനങ്ങൾ സഞ്ചരിച്ചതും രോഗവ്യാപനം കൂടാൻ കാരണമായി.

പൂന്തുറയിലും പുല്ലുവിളയിലും സംഭവിച്ചത്

--------------------------------------------------------------------

രോഗം വന്നത് തമിഴ്നാട്ടിൽ നിന്നും മത്സ്യമെത്തിച്ച്

കുമരിച്ചന്തയിലൂടെ വിപണനം ചെയ്‌ത മൊത്തവ്യാപാരിയിലൂടെ

പ്രഭവകേന്ദ്രം കുമരിച്ചന്തയായി. മാർക്കറ്രുമായി ബന്ധപ്പെട്ട്

പ്രവർത്തിച്ചവർക്ക് രോഗം. വർദ്ധിച്ച ജനസാന്ദ്രത

രോഗ വ്യാപനത്തിൽ വേഗതയേറുന്നതിന് കാരണമായി

 തമിഴ്നാട്ടുകാരുൾപ്പെടെയുള്ളവരുമൊത്ത് കൊവിഡ്

നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ മത്സ്യബന്ധനം

 പുതിയതുറ മാർക്കറ്റിൽ തമിഴ്നാട്ടിൽ

നിന്നും യഥേഷ്ടം മത്സ്യമെത്തി

പൂന്തുറയിൽ ഇതുവരെ - 302 പേർക്ക്

പുല്ലുവിളയിൽ - 152 പേർക്ക്

 സമൂഹവ്യാപനം

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ സമൂഹവ്യാപനമായി. ഒരാളിൽ നിന്നും രണ്ടിൽ കൂടുതൽ പേർക്ക് പകരുന്നത് സൂപ്പർ സ്‌പ്രെഡാണ്. പകരുന്നത് എട്ടു പേരാകുമ്പോൾ അതും സമൂഹവ്യാപനമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

''ജനത്തിന്റെ ഇപ്പോഴത്തെ മനോഭാവം മാറണം. ഉത്തരവാദിത്വബോധത്തോടെ കഴിയണം. സർക്കാർ കർശനമായി ഇടപെടണം, അല്ലാതെ രക്ഷയില്ല'

- ഡോ. എബ്രഹാം വർഗീസ്,​

സംസ്ഥാന പ്രസിഡന്റ് ഐ.എം.എ