corona-virus

തിരുവനന്തപുരം:ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണം എളുപ്പമാക്കാൻ തീരദേശ മേഖലയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സാമൂഹിക വ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ആക്ഷൻ പ്ലാനിനും രൂപം നൽകി. ഇതിന്റെ പ്രത്യേക ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യയയ്ക്കാണ്. ഇതിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പൊലീസും കോർപറേഷനും പഞ്ചായത്തും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വിവരങ്ങളെല്ലാം കൺട്രോൾ റൂമിൽ ലഭ്യമാകും. ഇതിന് പുറമെ ഈ മൂന്ന് സോണുകളിലും രണ്ട് മുതിർന്ന ഐ.എ.എസ് ഓഫീസർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിക്കും. മൂന്ന് മേഖലകളിലേക്കും ഡിവൈ.എസ്.പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും. ജനമൈത്രി രീതി നടപ്പിലാക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ വേറെയും സംഘത്തിൽ ഉണ്ടാകും. ഇൻസിഡന്റ് കമാൻഡർമാരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സേവനത്തിന് പുറമെ ആവശ്യമെങ്കിൽ ശ്രീവിദ്യ ഐ.എ.എസ്, ദിവ്യ എസ്.അയ്യർ ഐ.എ.എസ് എന്നിവരുടെ സേവനവും ലഭ്യമാക്കും. ആരോഗ്യ കാര്യങ്ങളെല്ലാം ആരോഗ്യ വകുപ്പ് മേൽനോട്ടം വഹിക്കും. സംഘത്തിൽ ഡോക്ടർമാരും ഉൾപ്പെടും.

ഒന്നാംസോൺ

അഞ്ച് തെങ്ങുമുതൽ പെരുമാതുറ വരെ. ഈ സോണിന്റെ ചുമതല ട്രാഫിക് സൗത്ത് എസ്.പി ബി. കൃഷ്ണകുമാറിനായിരിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥരായ യു.വി.ജോസ്,ഹരി കിഷോർ എന്നിവരാണ് ഇൻസിഡന്റ് കമാൻഡർമാർ.

രണ്ടാം സോൺ

പെരുമാതുറ മുതൽ വിഴിഞ്ഞം വരെ. വിജിലൻസ് എസ്.പി എ.ഇ. ബൈജുവിനാണ് ഇവിടുത്തെ ചുമതല. എം.ജി.രാജമാണിക്യം, ബാലകിരൺ എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇൻസിഡന്റ് കമാൻഡർമാർ.

മൂന്നാം സോൺ

വിഴിഞ്ഞം മുതൽ ഊരമ്പ് വരെ. ഈ മേഖലയിൽ പെടുന്ന കാഞ്ഞിരംകുളം പൊഴിയൂർ വരെയുള്ള മേഖലയുടെ നിയന്ത്രണം പൊലീസ് ട്രെയ്‌നിംഗ് കോളേജ് പ്രിൻസിപ്പൽ കെ.എൽ. ജോൺ കുട്ടിക്കാണ്. ഐ.എ.എസ് ഓഫീസർമാരായ വെങ്കിടേശപതിയും ബിജു പ്രഭാകറുമാണ് ഇൻസിഡന്റ് കമാൻഡർമാർ.